സാബു ചുണ്ടക്കാട്ടില്‍: നിയുക്ത മെത്രാന്റെ പ്രാരംഭ സന്ദര്‍ശന പരിപാടി സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെ. ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സീറോ മലബാര്‍ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിന് മുന്‍പായി തന്റെ പുതിയ ശുശ്രൂഷ മേഖലകളില്‍ സന്ദര്‍ശനം നടത്തും. തികച്ചും അനൗദ്യോഗികമായ ഈ സന്ദര്‍ശനത്തില്‍ അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും പള്ളി കമ്മിറ്റിയംഗങ്ങളെയും വിശ്വാസികളെയും കണ്ട് അജപാല പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും തന്റെ പുതിയ ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഈ സന്ദര്‍ശനങ്ങളുടെ മുന്നോടിയായി, തന്നെ ഈ പുതിയ ഉത്തരവാദിത്വ ഭാരമേല്‍പ്പിച്ച പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ട് നിയുക്ത മെത്രാന്‍ അനുഗ്രഹം നേടിയിരുന്നു. ശ്ലീഹാന്മാരുടെ പിന്‍ഗാമിയായി മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട മാര്‍ സ്രാമ്പിക്കല്‍ റോമില്‍ നിന്ന് യുകെയിലേക്ക് തിരിക്കുന്നതിന് മുന്‍പായി റോമിലെ വി. പത്രോസിന്റെ ബസലിക്കാ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും.
യുകെയിലെ എത്തിയതിനു ശേഷമുള്ള മാര്‍ സ്രാമ്പിക്കലിന്റെ പ്രാരംഭ സന്ദര്‍ശനങ്ങള്‍ പ്രധാനമായും അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും കാണാന്‍ ഉദ്ദേശിച്ചുള്ളതാകയാല്‍ മറ്റു സ്വീകരണങ്ങളോ കുര്‍ബ്ബാനയുള്‍പ്പടെയുള്ള ക്രമീകരണങ്ങളോ നടത്തേണ്ടതില്ലെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകന്‍ റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.
അതേ സമയം, മെത്രാഭിഷേക ദിവസം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനെത്തുന്നവരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതിനാല്‍, ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെയും വൈദികര്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത്രെ പാസുകളുടെ എണ്ണം സെപ്റ്റംബര്‍ 14ന് മുന്‍പായി സീറോ മലബാര്‍ സഭാ സെക്രട്ടറി റവ. ഫാ. ജിനോ അരീക്കാട്ടിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും.
നിയുക്ത മെത്രാന്റെ പ്രാഥമിക സന്ദര്‍ശന പരിപാടികള്‍:
19: വൈദിക സമ്മേളനം
20: ബ്ലാന്റ്‌റര്‍ മദര്‍ രൂപത
21: എഡിന്‍ബര്‍ഗ്, അബര്‍ഡീന്‍
22: ന്യൂ കാസില്‍
23: മിഡില്‍സ്ബറോ
24: നോട്ടിങ്ഹാം, നോര്‍ത്താംപ്റ്റന്‍, ലെസ്റ്റര്‍
25: ബിര്‍മ്മിങ്ഹാം ചാപ്ലിയന്‍സി ഡേ
26: ബ്രിസ്‌റ്റോള്‍
27: കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസ്, നാന്‍സിയോ അന്റോണിയോ മന്നിനി എന്നിവരെ സന്ദശിക്കല്‍.
28: ബ്രെന്റ്വുഡ്
29: സൗത്താര്‍ക്ക്
30: പോര്‍ട്‌സ്മൗത്ത് & സൗത്താംപ്ടണ്‍
ഒക്ടോബര്‍ 1: ക്‌നാനായ കണ്‍വന്‍ഷന്‍, ഷ്രൂസ്ബറി ചാപ്ലിയന്‍സി ഡേ, സാല്‍ഫോര്‍ഡ്
2: ലിവര്‍പൂള്‍ ആര്‍ച്ച് ഡയോസീസ്
3: ക്ലിഫ്ടണ്‍, ബ്രിസ്‌റ്റോള്‍ ഡയോസീസ്, സ്വാന്‍സി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല