സ്വന്തം ലേഖകന്‍: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും വിവാദത്തിലേക്ക്, നിലവറ തുറക്കുന്നതിനെ എതിര്‍ത്ത് രാജകുടുംബം, നിലപാട് അടിസ്ഥാനരഹിതമെന്ന് ചരിത്രകാരന്മാര്‍. ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്കും ദോഷം ചെയ്യുമെന്ന് രാജകുടുംബം വാദിക്കുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് രാജകുടുംബം വ്യക്തമാക്കി.
എന്നാല്‍ ബി നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ നിലപാട് അടിസ്ഥാനരഹിതമാണെന്ന് ചരിത്ര ഗവേഷകന്‍ ഡോ. എംജി ശശിഭൂഷന്‍ വ്യക്തമാക്കി. നിലവറ തുറക്കുന്നത് ആചാരപരമായും വാസ്തുവിദ്യാപരമായും തെറ്റല്ല. ഏറ്റവും വലിയ നിധി ശേഖരം ബി നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നതെന്നും ശശിഭൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ഘടനയ്ക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും വിരുദ്ധമാകുമെന്ന പ്രചരണം ശരിയല്ല. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കരുതല്‍ നിധി ശേഖരമാണിത്. രണ്ട് ചേംബറുകളാണ് നിലവറയ്ക്കുള്ളത്.
സുരക്ഷാ വാതിലുകള്‍ തുറക്കുന്നതിന് ഇരട്ട പൂട്ട് ഉള്‍പ്പെടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്.’ ഇത് പല തവണ തുറന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായിയുടെ കണ്ടെത്തലിനോട് രാജകുടുംബം യോജിക്കുന്നില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു.
നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു. ബി. നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. ആറു നിലവറകളുള്ള ക്ഷേത്രത്തില്‍ ബി ഒഴികെയുള്ള നിലവറകള്‍ ഘട്ടംഘട്ടമായി തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു.
ഇ, എഫ്, എന്നീ നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി എന്നീ നിലവറകള്‍ ഉത്സവാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നവയാണ്. എ, ബി നിലവറകളിലാണ് ക്ഷേത്രത്തിന്റെ ധനസഞ്ചയം മുഴുവനുമുള്ളത്. എ നിലവറയിലെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഒന്നേകാല്‍ ലക്ഷം കോടിയോളം വിലവരുന്ന ശേഖരം കണ്ടെത്തിയത്. രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും സ്വര്‍ണവിഗ്രഹങ്ങളും സ്വര്‍ണക്കട്ടികളും എ നിലവറയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ബിയിലും സമാനമായ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല