സ്വന്തം ലേഖകന്‍: കൊല്ലാനെത്തിയ തമിഴ് പുലിക്ക് മാപ്പു നല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലയാണ് താരം. പത്ത് വര്‍ഷം മുമ്പ് തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പ് നല്‍കി. പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് അദ്ദേഹം ശിവരാജ് ജെനീവന്‍ എന്ന എല്‍.ടി.ടി.ഇ പ്രവര്‍ത്തകന് മാപ്പു നല്‍കുന്നതായി പ്രഖ്യാപിച്ചത്.
2005 ല്‍ ഇറിഗേഷന്‍ മന്ത്രിയായിരിക്കെ സിരിസേനയെ വധിക്കാന്‍ ഗൂഢാലാചന നടത്തിയ കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ജെനീവന്‍. സദസില്‍ നിന്ന് ജെനീവനെ വേദിയിലേക്ക് വിളിച്ചു വരുത്തിയാണ് സിരിസേന ജെനീവന് മാപ്പ് നല്‍കിയത്.
ഹൃദ്യമായി ജെനീവനെ സ്വീകരിച്ച സിരിസേന ഇയാള്‍ക്ക് ഊഷ്മളമായ ഹസ്തദാനം നല്‍കുകയും ചെയ്തു. സിരിസേന അധികാരത്തില്‍ എത്തിയ ശേഷം നിരവധി എല്‍.ടി.ടി.ഇ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിരുന്നു. അതേസമയം എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല