സ്വന്തം ലേഖകൻ: നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടും
അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു ശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു.
തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോ കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും തെളിവുകളെല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇതുപോലെ നാളെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാല്‍ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല