1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാരുങ്ങി പോലീസ്. നടനോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടേക്കും. ഇതിന് മുൻപായി നടന് പോലീസ് നോട്ടീസ് അയയ്ക്കും. ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവർത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്ന ആരോപണമുയർന്നത്. വിഷയത്തിൽ മരട് പോലീസ് കേസെടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ശേഖരിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ ഈ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.

താരത്തിന്റെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. കേസും വിവാദവും തങ്ങളുടെ സിനിമയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറക്കാർ. പരാതിയിൽ പറയും പോലെ നടന്റെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ അതിന്‍റെ പേരിൽ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.