ഡോക്‌ടര്‍ സരോജ്‌കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ കളിയാക്കിയത് കാര്യമായി എടുത്തിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. താനും ശ്രീനിവാസനും ചേര്‍ന്ന് എത്രയോ നല്ല ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. എത്രയോ വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഇതൊന്നും അത്ര കാര്യമായി എടുക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രഭൂമി സിനിമാവാരികയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്.
ശ്രീനിവാസന്‍ അഭിനയിച്ച ഡോ പത്‌മശ്രീ ഭരത് സരോജ്‌കുമാര്‍ എന്ന ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉണ്ടായശേഷം ഇതാദ്യമായാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.
മുപ്പത്തിമൂന്ന് വര്‍ഷമായി സിനിമാരംഗത്തുള്ളയാളാണ് താന്‍. ഇത്രയും വര്‍ഷത്തിന് ശേഷം ഒരു സിനിമയില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്‌തമാക്കുന്നു. എന്തുകൊണ്ട് ലാല്‍ എന്ന നടനെക്കുറിച്ച് ആ ചിത്രത്തില്‍ വന്നു എന്നതിനെക്കുറിച്ച് അതിന്റെ അണിയറപ്രവര്‍ത്തകരോടാണ് ചോദിക്കേണ്ടത്.
മൂന്നു ചിത്രങ്ങള്‍ക്ക് മുമ്പ് താന്‍ ശ്രീനിയുടെ ചിത്രമാണ് ചെയ്‌തത്. അന്നും ഇന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡോ പത്‌മശ്രീ ഭരത് സരോജ്‌കുമാര്‍ എന്ന ചിത്രം പുറത്തിറങ്ങിയ അന്നുമുതല്‍ മോഹന്‍ലാലിനെ അധികഷേപിക്കുന്നതാണെന്ന വിവാദം പൊട്ടിപുറപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രത്തിന്റെ പേരില്‍ ശ്രീനിവാസനെ ശക്‌തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല