ഉദയനാണ് താരം എന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ വെളിപ്പെടുത്തല്‍ മലയാള സിനിമാ ലോകത്ത് വിവാദമായി മാറുന്നു. ചിത്രത്തിലെ കഥ പറയുന്ന സമയത്ത് ചില കാര്യങ്ങള്‍ മോഹന്‍ലാലില്‍ നിന്ന് മറച്ചുവെച്ചതായാണ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാതിരിക്കുമോയെന്ന ഭീതി കാരണം ചില ഭാഗങ്ങളെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്നാണ് ശ്രീനി പറയുന്നത്
ഉദയനാണ് താരം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയുള്‍പ്പടെയുള്ള താരജീവിതത്തിലെ പല സംഭവങ്ങളും പറയുന്നുണ്ട്. താരാധിപത്യത്തിന്റെ ദുഷ്‌പ്രവണതകള്‍ക്കെതിരെ പോരാടുന്ന ഉദയഭാനു എന്ന സംവിധായകനെ അവതരിപ്പിക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ നേരിട്ടത്, താന്‍ ഉള്‍പ്പെടുന്ന താരവര്‍ഗത്തെയായിരുന്നു. അന്ന് ചിത്രം പുറത്തിറങ്ങിയ ശേഷം ചില രംഗങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സരോജ് കുമാര്‍ എന്ന ചിത്രം പൂര്‍ണമായും മോഹന്‍ലാലിനെയാണ് കടന്നാക്രമിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ശ്രീനിവാസന്‍ വിശദീകരണങ്ങളുമായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഒരു ചാനലിനോട് ഉദയനാണ് താരത്തിന്റെ കഥയിലെ ചില ഭാഗങ്ങള്‍ മറച്ചുവെച്ചുവെന്ന് പറഞ്ഞ ശ്രീനിവാസന്‍ കൂടുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. താരറെയ്‌ഡിനെക്കുറിച്ച് വളരെ മുമ്പേതന്നെ എഴുതിച്ചേര്‍ത്തതാണ്. ഇക്കാര്യം മമ്മൂട്ടിയോട് വിശദീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ മമ്മൂട്ടിയ്‌ക്ക് അതില്‍ ഒരു പരാതിയുമില്ല. എന്നാല്‍ മോഹന്‍ലാലിനോട് ഇക്കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല- ശ്രീനിവാസന്‍ പറയുന്നു. സരോജ് കുമാര്‍ എന്ന സിനിമയില്‍ പറഞ്ഞത് വളരെ കുറച്ചുകാര്യങ്ങള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതിനേക്കാള്‍ വളരെ വലുതാണ്. സഹികെട്ടാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ഇതെല്ലാം കണ്ട് ആരെങ്കിലും പിണങ്ങുമെന്ന് കരുതി സത്യത്തിനു നേരെ കണ്ണടയ്‌ക്കാന്‍ തനിക്ക് ആകില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല