മോഹന്‍ലാലിനെ പോലെയുള്ള താരങ്ങള്‍ കുഴപ്പക്കാരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നടന് ശ്രീനിവാസന്. എന്നാല്‍ താരങ്ങള്‍ക്ക് ചുറ്റിലും ഉപഗ്രഹങ്ങളായി നില്ക്കുന്നവര് പലപ്പോഴും കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും ശ്രീനിവാസന് പറഞ്ഞു. പത്മശ്രീ ഭരത് സരോജ്കുമാര്‍ എന്ന ചിത്രത്തെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ സന്തതസഹചാരി ആന്റണി പെരുമ്പാവൂരുമായി പരസ്യ വാഗ്വാദങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
തന്റെ സിനിമകള്‍ കണ്ട് കൂവുന്നവര്‍ വിവരവും സഹിഷ്ണുതയും ഇല്ലാത്തവരാണെന്ന് ശ്രീനിവാസന് പറഞ്ഞു. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീനി ഇക്കാര്യം പറഞ്ഞത്. എത്രയോ സിനിമകളില്‍ രാഷ്ട്രീയക്കാരെ കളിയാക്കുന്നു. എന്നാല്‍ അവരാരും വിവാദവുമായി വരുന്നില്ല. മോഹന്‍ലാല്‍ നല്ല വിവരമുള്ളയാളാണ്.
സരോജ്കുമാര്‍ പോലെയുള്ള സിനിമകള്‍ കണ്ട് ലാല്‍ പൊട്ടിച്ചിരിക്കുമെന്നാണ് താന്‍ കരുതുന്നത്. അതുകൊണ്ടാണ് ഒരു പ്രശ്നവുമില്ലെന്ന് ലാല്‍ പറഞ്ഞത്. എന്നാല്‍ ലാലിന് ചുറ്റും നില്ക്കുന്ന ചിലരാണ് ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കിയത്. ആ സിനിമയിലൂടെ ചില കാര്യങ്ങള്‍ പറയാനാണ് താന്‍ ഉദ്ദേശിച്ചത്. അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു- ശ്രീനിവാസന് പറഞ്ഞു. സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയം കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല