സ്വന്തം ലേഖകൻ: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ (യൂനിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ്) സേവനത്തിന് ഇന്ന് മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമാകും. ഇരുരാജ്യങ്ങളിലും നടക്കുന്ന യു.പി.ഐ ലോഞ്ചിൽ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും.
മൗറീഷ്യസിൽ റുപേ കാർഡ് സേവനത്തിനും മോദി തുടക്കമിടും. റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള പേമെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ യു.പി.ഐ സർവിസിന് രൂപംനൽകിയത്. മൊബൈൽ ഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് തത്സമയം പണം കൈമാറാനുള്ള സംവിധാനമാണിത്. യു.പി.ഐക്ക് ഇന്ത്യയിൽ വൻ പ്രചാരമാണുള്ളത്.
2016ലാണ് ഇന്ത്യയിൽ യു.പി.ഐ അവതരിപ്പിച്ചത്. ഈയിടെ ഫ്രാൻസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവറിൽ യു.പി.ഐ സംവിധാനം നടപ്പാക്കിയിരുന്നു. ടൂറിസം, റീടെയിൽ മേഖലയിലെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് യു.പി.ഐ വ്യാപിപ്പിക്കാനാണ് ഫ്രാൻസിന്‍റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല