1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2019

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ശ്രീലങ്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി; ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന് റെനില്‍ വിക്രമസിംഗെ. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പ്രാദേശികസമയം 8.45 ഓടെ ആയിരുന്നു സ്‌ഫോടനങ്ങള്‍. തുടര്‍ച്ചയായി ആറുസ്‌ഫോടനങ്ങളും മണിക്കൂറുകള്‍ക്കു ശേഷം രണ്ടു സ്‌ഫോടനങ്ങളുമാണ് നടന്നത്. എട്ടു സ്‌ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് സൂചന.

ശ്രീലങ്കയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. എന്നാല്‍ ആക്രമണം ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ ശ്രീലങ്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണെന്നും ഇവര്‍ക്ക് രാജ്യത്തിന് പുറമേ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വിക്രമസിംഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.