സ്വന്തം ലേഖകന്‍: സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്കു പോകാനും അവിടെനിന്നു വരാനുമുള്ള വിമാനടിക്കറ്റുകള്‍ റദ്ദാക്കുന്നതും മാറ്റിനിശ്ചയിക്കുന്നതും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സൗജന്യമാക്കി. ബുധനാഴ്ച വരെ ഈ ഇളവ് നിലനില്‍ക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു.
യാത്രകളുടെ കാര്യം നേരത്തേ അറിയിക്കണമെന്നും കൊളംബോയിലെ ബണ്ഡാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്ലിയറന്‍സ് ലഭിക്കുന്നതിനു വേണ്ടിയാണിതെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ മൂന്ന് ഇന്ത്യക്കാരടക്കം 207 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആകെ എട്ട് സ്ഥലങ്ങളിലാണു സ്‌ഫോടനങ്ങളുണ്ടായത്. കൊളൊബോയിലെയും ബട്ടിക്കലോവയിലെയും വിവിധ ഇടങ്ങളിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് ഗോവയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല