സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; ചാവേര്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍, കേരളത്തിലും കശ്മീരിലുമെത്തിയതായി ശ്രീലങ്കന്‍ പട്ടാളം. സന്ദര്‍ശനത്തിന്റെ ലക്ഷ്യം സംബന്ധിച്ച് സൂചനകളില്ലെന്നും ശ്രീലങ്കന്‍ സൈനീക മേധാവി വ്യക്തമാക്കി.
ശ്രീലങ്കന്‍ സൈനീക മേധാവി ജനറല്‍ മഹേഷ് സേനാനായക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ കേരള ബന്ധം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സ്‌ഫോടനത്തിന് മുമ്പ് ചാവേര്‍ ഇന്ത്യയിലെ കശ്മീര്‍, കേരളം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഈ യാത്രക്ക് പിന്നിലെ ഉദ്ദേശം സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും സൈനീക മേധവി പറഞ്ഞു. ശ്രീലങ്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും പരിശീലനം ലക്ഷ്യമിട്ടായിരിക്കാം ഈ സന്ദര്‍ശനമെന്നും സൈനിക മേധാവി സൂചിപ്പിച്ചു.
ഇതാദ്യമായാണ് ശ്രീലങ്കന്‍ സ്‌ഫോനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഇന്ത്യന്‍ ബന്ധം സംബന്ധിച്ച് ശ്രീലങ്കയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ഒരു പ്രതികരണം ഉണ്ടാകുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം റെയിഡ് നടത്തുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല