1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2019

സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്. ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 138 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റു.

ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്‌ഫോടനം. രണ്ടു പള്ളികളില്‍ നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്‌ഫോടനമുണ്ടായത്.

ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.