സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി, മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് ഫലം നിര്‍ണായകമാകും. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെ തുടരും. ഏകദേശം 1.5 കോടി സമ്മതിദായകരാണ് ഇത്തവണ പോളിംഗ് ബൂത്തുകളില്‍ എത്തുക.
മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സ പ്രധാനമന്ത്രിയായി പുതിയ ഊഴം തേടുന്ന പൊതു തെരഞ്ഞെടുപ്പാണിത്. നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു എന്‍ പി)യും പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു പി എഫ് എ)ഉം തമ്മിലാണ് പ്രധാന മത്സരം.
കഴിഞ്ഞ ജനവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രജപക്‌സെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയായിരുന്ന മൈത്തിരിപരിപാല സിരിസേനയോട് രജപക്‌സെ തോറ്റത്. രാജപക്‌സ യു പി എഫ് എ സ്ഥാനാര്‍ഥിയാകുന്നതിനോട് സിരിസേന കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മുന്നണിയിലെ പ്രധാന കക്ഷിയായ എസ് എല്‍ എഫ് പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് മത്സരിക്കുകയെന്ന തെറ്റായ കീഴ്‌വഴക്കവും സൃഷ്ടിച്ചുവെന്ന് കഴിഞ്ഞയാഴ്ച സിരിസേന അയച്ച കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ടിക്കറ്റ് നല്‍കിയില്‌ളെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണിയുമായാണ് രാജപക്‌സ ഇതിനെ നേരിട്ടത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു ഫലം ഏറ്റവും നിര്‍ണായകമാകുക രാജപ്കസെയുടെ രാഷ്ട്രീയ ഭാവിക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല