സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകങ്ങള്‍; പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ്; രാജപക്ഷെ പുതിയ പ്രധാനമന്ത്രി; എന്നാല്‍ താനാണ് പ്രധാനമന്ത്രിയെന്നും നടപടിയെ കോടതിയില്‍ നേരിടുമെന്ന് വിക്രസിംഗെ. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി സഖ്യസര്‍ക്കാരില്‍നിന്നു പിന്മാറിയതിനെത്തുടര്ന്നാണു രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്.
എന്നാല്‍ പുതിയ മുന്നണിക്കു പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്എഫ്പി)യുടെ നേതൃത്വത്തിലുള്ള മുന്നണിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും (യുപിഎഫ്എ), റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും (യുഎന്‍പി) ഒരുമിച്ചായിരുന്നു ഭരണം. യുഎന്പിയുമായുള്ള സഖ്യം അവസാനിപ്പിച്ച യുപിഎഫ്എ മഹിന്ദ രാജപക്ഷെയുടെ ഒപ്പം ചേരുകയായിരുന്നു. ഇതോടെ വിക്രമസിംഗെ പുറത്തായി.
2015 ലാണ് സിരിസേനയും വിക്രമസിംഗെയും ചേര്‍ന്ന്, പതിറ്റാണ്ടു നീണ്ട രാജപക്ഷെയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. രാജപക്ഷെ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു സിരിസേന. അദ്ദേഹവുമായി തെറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. 3 വര്‍ഷം പിന്നിട്ടപ്പോള്‍, സിരിസേന വീണ്ടും രാജപക്ഷെ യുമായി ചേരുകയാണ്. സിരിസേന – രാജപക്ഷെ സഖ്യത്തിനു പക്ഷേ, പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. ഇവര്‍ക്കു 95 സീറ്റു മാത്രമുള്ളപ്പോള്‍ വിക്രമസിംഗെയുടെ യുഎന്‍പിക്ക് 106 സീറ്റുണ്ട്.
ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജപക്ഷെ യുടെ പാര്‍ട്ടി വന്‍വിജയം നേടിയതോടെയാണ് സിരിസേന, വിക്രമസിംഗെ സഖ്യത്തില്‍ വിള്ളലുകള്‍ വീണത്. ഇരുവരും തമ്മില്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളും വര്‍ധിച്ചു. തനിക്കും പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനും മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബായ രാജപക്ഷെക്കും നേരെയുണ്ടായ വധശ്രമത്തെ വിക്രമസിംഗെയുടെ പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്ന് കഴിഞ്ഞയാഴ്ച സിരിസേന ആരോപിച്ചിരുന്നു.
പ്രധാനപ്പെട്ട ഒരു തുറമുഖ ടെര്‍മിനല്‍ ഇന്ത്യക്കു പാട്ടത്തിനു നല്‍കുന്നതിനെച്ചൊല്ലി സിരിസേനയും വിക്രമസിംഗെയും കഴിഞ്ഞയാഴ്ച കാബിനറ്റ് യോഗത്തില്‍ തര്ക്കത്തിലേര്പ്പിട്ടിരുന്നു. എന്നാല്‍ വിക്രമസിംഗെയെ പിരിച്ചുവിട്ട നടപടി ഭരണഘടനാ പ്രതിസന്ധിക്കിടയാക്കിയേക്കും. താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്നും പ്രസിഡന്റിന്റെ നടപടി കോടതിയില്‍ നേരിടുമെന്നും വിക്രമസിംഗെ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല