സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്യാസ പ്രമേയത്തിനു നീക്കം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സാമ്പത്തിക ക്രമക്കേടുകള്‍, കാന്‍ഡിയിലെ വര്‍ഗീയകലാപം തടയുന്നതില്‍ വന്ന പരാജയം എന്നിവ ചൂണ്ടിക്കാട്ടിയാണു മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ പിന്തുണയോടെ അടുത്തയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരിക.
എന്നാല്‍, വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യുഎന്‍പി)യില്‍ നിന്നു വ്യാപകമായി കാലുമാറ്റം ഉണ്ടായാലേ അവിശ്വാസം വിജയിക്കാനിടയുള്ളൂ. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും കൂട്ടുകക്ഷി സര്‍ക്കാരാണു ലങ്കയില്‍ ഭരണത്തിലുള്ളത്.
രാജപക്ഷെയുടെ പുതുതായി രൂപംകൊണ്ട ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) ഫെബ്രുവരി 10നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതോടെയാണു സര്‍ക്കാര്‍ ഉലഞ്ഞുതുടങ്ങിയത്. ഈ മാസം ആദ്യം കാന്‍ഡിയില്‍ സിംഹള–മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയലഹള നേരിടുന്നതിലെ വീഴ്ചയുടെ പേരില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയില്‍നിന്നു റനിലിനെ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല