സ്വന്തം ലേഖകന്‍: ശ്രീലങ്ക കലാപത്തിന്റെ വക്കില്‍; സംഘര്‍ഷം പടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ. രാഷ്ട്രീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റനില്‍ വിക്രമസിംഗെ ഔദ്യോഗിക വസതിയൊഴില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് രാജ്യം രാഷ്ടീയ പ്രതിസന്ധിയിലായത്. റിനില്‍ വിക്രമസിംഗയെ അനുകൂലിക്കുന്ന ആയിരങ്ങള്‍ വസതിക്ക് മുമ്പില്‍ അണിനിരക്കുക കൂടി ചെയ്തതോടെ പ്രശ്‌ന പരിഹാരത്തിന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്നു.
തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും ഔദ്യോഗിക വസതിയൊഴിയണമെന്ന് തന്നെ നേരത്തെ അറിയിച്ചിരുന്നില്ല എന്നുമാണ് റിനില്‍ വിക്രമസിംഗെയുടെ നിലപാട്. കോടതി സഹായത്തോടെ റിനില്‍ വിക്രമസിംഗയെ പുറത്താക്കാനുള്ള നീക്കങ്ങളാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത് എന്നാണ് വിവരം. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് സംയമനം പാലിക്കണമെന്ന് പാശ്ചാത്യരാജ്യങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ക്കിടെയാണ് ശ്രീലങ്കയുടെ പുതിയ നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പാര്‍ട്ടി അപ്രതീക്ഷിതമായി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിന് പിന്നാലെ വിക്രമസിംഗെയെ സിരിസേന സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു, രാഷ്ട്രീയ നാടകങ്ങള്‍ കൂടുതല്‍ കലുഷിതമാകുന്നതിനിടെ സിരിസേന പാര്‍ലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്.
അതിനിടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്കുനേരെ മന്ത്രി അര്‍ജുന രണതുംഗയുടെ അംഗരക്ഷകന്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 2 പേര്‍ക്കു പരുക്കേറ്റു. സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടം റനില്‍ വിക്രമസിംഗെ പക്ഷക്കാരനായ മന്ത്രിയെ വളഞ്ഞപ്പോഴാണ് അംഗരക്ഷകന്‍ വെടിയുതിര്‍ത്തത്. ശ്രീലങ്ക ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ രണതുംഗ ഇപ്പോള്‍ രാജ്യത്തെ പെട്രോളിയം മന്ത്രിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല