സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം. ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേന നടത്തിയ അട്ടിമറിയില്‍ പ്രതിഷേധിച്ചും ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊളംബോയില്‍ വന്‍ പ്രകടനം നടന്നത്.
പ്രകടനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തെന്നു സംഘാടകര്‍ അവകാശപ്പെട്ടപ്പോള്‍ 25,000 പേരെന്നാണു പോലീസ് പറഞ്ഞത്. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിക്രമസിംഗെ പറഞ്ഞു. പാര്‍ലമെന്റിനെ മറികടന്ന് എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിച്ച സിരിസേന വാഗ്ദാനലംഘനം നടത്തിയെന്നും വിക്രമസിംഗെ ആരോപിച്ചു. ഇതിനിടെ, പ്രശ്‌നപരിഹാരത്തിന് നടപടികളെടുക്കാന്‍ സിരിസേനയ്ക്കുമേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമായി.
വിക്രമസിംഗെയ്ക്കു പകരം പ്രധാനമന്ത്രിയാക്കിയ രാജപക്‌സയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സാവകാശത്തിനാണ് നവംബര്‍ 16 വരെ പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുന്നത്. വിക്രമസിംഗെയും രാജപക്‌സെയും സ്വന്തം ക്യാന്പിലേക്ക് ആളെക്കൂട്ടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിക്രമസിംഗെയുടെ പാര്‍ട്ടിയിലെ നാല് എംപിമാരെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് രാജപക്‌സെ ചാക്കിട്ടിട്ടുണ്ട്.
എന്നാലും 225 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 113 തികയ്ക്കാന്‍ രാജപക്‌സയ്ക്ക് ഇനിയും 18 എംപിമാരെക്കൂടി വേണം. 16 സീറ്റുകളുള്ള തമിഴ് ദേശീയ സഖ്യം പാര്‍ട്ടി നേതാവ് ആര്‍. സന്പന്തന്‍ ഇന്നലെ രാജപക്‌സയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമുണ്ടായാല്‍ നിഷ്പക്ഷത പാലിക്കണമെന്ന് സന്പന്തനോട് രാജപക്‌സ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് സിരിസേന വെള്ളിയാഴ്ചയാണ് വിക്രമസിംഗെയെ പദവിയില്‍നിന്നു നീക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല