സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഇത് നാലാം തവണയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കുന്നത്. രാവിലെ ശ്രീലങ്കന്‍ പ്രസിഡന്റ് സെക്രട്ടേറിയേറ്റിലാണ് ചടങ്ങ്.
കേവല ഭൂരിപക്ഷത്തിന് 7 സീറ്റുകളുടെ കുറവുള്ള വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി യുടെ പിന്‍തുണയുണ്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് യു എന്‍ പി യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി ദുമിന്ദ ഡിസ്സന്‍യകേ വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുഗെയുടെ നേതൃത്വത്തില്‍ 6 അംഗ സെന്‍ട്രല്‍ കമ്മിറ്റിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. രാജ്യ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് നിയുക്ത പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗം അഭ്യര്‍ത്ഥിച്ചു. ഇനിയുള്ള മൂന്ന് വര്‍ഷം മികച്ച ഭരണം തുടരുന്നതിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വിജയം.
ഇന്ത്യയുമായി മികച്ച ബന്ധത്തിന് ശ്രമിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും വിക്രമസിംഗെയും നേടിയ വിജയത്തിന് ചൈന അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും ചൈന പറഞ്ഞു. തങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന രജ്പക്‌സെയുടെ പരാജയത്തില്‍ നീരസം പ്രകടിപ്പിച്ചായിരുന്നു ചൈനയുടെ ആദ്യ പ്രതികരണം.
അതേ സമയം പാര്‍ലമെന്റ് രൂപീകരിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിനു ശ്രമിച്ച മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെ പ്രതിപക്ഷ സ്ഥാനത്ത് ഉണ്ടാകുമോ എന്നതില്‍ അവ്യക്തതകള്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല