സ്വന്തം ലേഖകൻ: യുദ്ധം ആരംഭിച്ചശേഷം തിരികെപ്പോകാന്‍ കഴിയാത്ത യുക്രൈന്‍കാരും റഷ്യക്കാരും രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീലങ്ക പുറപ്പെടുവിച്ചത്. ലാപ്‌സ്ഡ് എക്സ്റ്റന്‍ഡഡ് വീസയില്‍ ശ്രീലങ്കയില്‍ താമസിക്കുന്ന ആയിരക്കണക്കിന് റഷ്യന്‍, യുക്രൈന്‍, ഇസ്രേയല്‍ പൗരന്‍മാരോടാണ് ഒഴിഞ്ഞുപോകാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ കണ്‍ട്രോളര്‍ കഴിഞ്ഞ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ശ്രീലങ്കയുടെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെല്ലാം കയ്യടക്കിയിരിക്കുകയാണെന്നും ഇവിടങ്ങളില്‍ പ്രദേശവാസികള്‍ ദുരിതത്തിലുമാണെന്ന ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി.
യുദ്ധം തുടങ്ങിയതിനുപിന്നാലെ ഇരുരാജ്യങ്ങളില്‍നിന്നുമെത്തിയ വിനോദസഞ്ചാരികള്‍ ശ്രീലങ്കയില്‍ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് നീട്ടിനല്‍കിയ വീസയാണ് ശ്രീലങ്ക റദ്ദാക്കുന്നത്. ഇവരുടെ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും മാനുഷിക പരിഗണന നല്‍കിയുമാണ് ഇവര്‍ക്ക് വീസ നീട്ടി നല്‍കിയത്.
എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത ഈ സഞ്ചാരികള്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ റസ്റ്റോറന്റുകളും നിശാക്ലബ്ബുകളും തുടങ്ങുകയും അവിടങ്ങളില്‍ വിദേശികളെ മാത്രം ജോലിക്ക് വെക്കുകയും പണമിടപാടുകള്‍ക്ക് നിയമവിരുദ്ധമായ രീതികള്‍ സ്വീകരിക്കുകയും ചെയ്തതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് രൂക്ഷമാവുകയും സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ ക്യാംപെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നടപടി എടുക്കാന്‍ തയ്യാറായത്.
ശ്രീലങ്കയുടെ തെക്കന്‍ മേഖലകളിലെ പ്രശസ്തമായ ബീച്ചുകള്‍ ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളാണ് റഷ്യ, ഉക്രൈന്‍, ഇസ്രയേല്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറ്റെടുത്തത്. ഇവിടെ ജോലി ചെയ്തിരുന്ന ശ്രീലങ്കക്കാരെ ഇവര്‍ പിരിച്ചുവിടകയും ‘വെള്ളക്കാര്‍’ മാത്രം മതി എന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇവിടെ ശ്രീലങ്കക്കാരെ പ്രവേശിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.
ചില റഷ്യന്‍ സ്വദേശികള്‍ അനധികൃത ബിസിനസുകളും ആരംഭിച്ചതായും സൂചനകളുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ശ്രീലങ്കന്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ വീസാ കാലാവധി നീട്ടണമെന്ന ആവശ്യവുമായി എത്തുന്ന അപേക്ഷകള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്തര യുദ്ധങ്ങളും തുടര്‍ന്നുണ്ടായ തീവ്രവാദ ആക്രമണങ്ങളുമെല്ലാം ശ്രീലങ്കയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തിരുന്നു. ഇത് മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്ക സമീപകാലത്ത് വിനോദസഞ്ചാര മേഖലയില്‍ നിയമങ്ങള്‍ അയവുവരുത്തിയിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഓണ്‍ അറൈവല്‍ വീസകളും വീസ രഹിത പ്രവേശനവും നല്‍കിയിരുന്നു.
2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതോടെ ആയിരക്കണക്കിന് റഷ്യ, യുക്രൈന്‍ പൗരന്‍മാര്‍ ശ്രീലങ്കയിലെത്തി. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 300000 റഷ്യക്കാരും 20000 യുക്രൈന്‍കാരും യുദ്ധത്തിന് പിന്നാലെ ശ്രീലങ്കയിലെത്തിയിട്ടുണ്ട്. അന്തര്‍ദേശീയ സാഹചര്യം പരിഗണിച്ച് ശ്രീലങ്കന്‍ ഭരണകൂടം ഇവരുടെ വീസ പലതവണ നീട്ടി നല്‍കി. എന്നാല്‍ ഈ പ്രദേശങ്ങള്‍ ഇവര്‍ ഏറ്റെടുത്തതോടെ ഇവിടെ ജീവിച്ചിരുന്ന നിരവധി ശ്രീലങ്കക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഇവിടെ അഭയാര്‍ഥികളായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇവിടുത്തെ ഭൂമിയുള്‍പ്പടെ റഷ്യക്കാര്‍ 100 വര്‍ഷത്തേക്ക് ലീസിനെടുത്തിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ നിയമങ്ങള്‍ പ്രകാരം വിദേശികള്‍ക്ക് രാജ്യത്ത് ചെറുകിട കമ്പനികള്‍ തുടങ്ങാം. എന്നാലിപ്പോഴിവിടെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പുറമെ ഇവിടെ ട്രക്കിങ് പാക്കേജുളും അഡ്വഞ്ചര്‍ അക്ടിവിറ്റികളും ബൈക്ക് റെന്റലും ടൂര്‍ ഗൈഡിങ് ഉള്‍പ്പടയുള്ള കാര്യങ്ങളും നടത്തുന്നത് വിദേശികളാണ്.
പ്രാദേശിക ടൂറിസം കമ്പനികള്‍ ഈടാക്കിയതിനേക്കാള്‍ എത്രയോ ഇരട്ടി തുകയാണ് ഇവര്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. ഇവിടുത്തെ പണമിടപാടിന് വേണ്ടി ഇവര്‍ സമാന്തരമായ സംവിധാനങ്ങള്‍ പോലും തുടങ്ങിയതായി ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ടൂറിസം കേന്ദ്രങ്ങളിലെ പൊതുഇടങ്ങളില്‍ നിന്ന് പോലും പ്രദേശവാസികളെ അകറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടായതോടെയാണ് പ്രതിഷേധം ശക്തമായതും സര്‍ക്കാര്‍ ഇടപെടലുണ്ടായതും. അതേസമയം, മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ് ഇരുരാജ്യങ്ങളിലെയും പൗരരോട് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചതെന്നും അത് അന്വേഷിക്കാന്‍ ഉത്തരവിട്ടെന്നും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല