സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ 2024 മെയ് വരെ ഇന്ത്യയിൽ നിന്നും തായ്‌ലൻഡ് സന്ദർശിക്കുന്നവർക്ക് വീസ നിർബന്ധമാക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ അറിയിച്ചു. സീസണിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഈ ഇളവുകളെന്ന് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മഹാമാരിക്ക് മുമ്പായി 2019ൽ 39 ദശലക്ഷം സന്ദർശകരാണ് പ്രതിവർഷം തായ്‌ലൻഡിലേക്ക് വന്നിരുന്നത്. നിലവിൽ ഇത് 11 ദശലക്ഷമായി കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ തായ്‌ലൻഡ് സർക്കാർ തീരുമാനിച്ചത്.
ഇന്ത്യയ്ക്ക് പുറമെ തായ്‌വാനിൽ നിന്നുമെത്തുന്ന വിനോദ സഞ്ചാരികൾക്ക് വീസ ആവശ്യമില്ല. സമാനമായി ഇക്കഴിഞ്ഞ സെപ്തംബറിൽ ചൈനീസ് ടൂറിസ്റ്റുകൾക്കും വീസ ആവശ്യമില്ലെന്ന് തായ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. ഇളവുകൾ നൽകിയതോടെ, 2023 ജനുവരി മുതൽ ഒക്ടോബർ 29 വരെ തായ്‌ലൻഡിൽ 22 ദശലക്ഷം സന്ദർശകർ വന്നെന്നാണ് സർക്കാർ അധികൃതർ നൽകുന്ന വിവരം. 25.67 ദശലക്ഷം ഡോളറാണ് വരുമാനമായി ലഭിച്ചത്. ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്ക് വീസയില്ലാതെ 30 ദിവസം തായ്‌ലൻഡിൽ താമസിക്കാമെന്ന് തായ്‌ലൻഡ് സർക്കാരിന്റെ വക്താവ് ചായ് വാച്ചറോങ്കെ പറഞ്ഞു.
തായ്‌ലൻഡിലെ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യക്കാർക്കുള്ളത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് മുന്നിലുള്ളത്. ഏകദേശം 1.2 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികൾ എത്തിയ ഇന്ത്യ തായ്‌ലൻഡിലെ നാലാമത്തെ വലിയ ടൂറിസം വരുമാന സ്രോതസ്സാണ്. കൂടുതൽ എയർലൈനുകളും ഹോസ്പിറ്റാലിറ്റി ശൃംഖലകളും ആ വിപണിയെ ലക്ഷ്യമിട്ടതിനാൽ ഇന്ത്യയിൽ നിന്നുള്ള ഇൻബൗണ്ട് ടൂറിസം വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. തായ്‌ലൻഡ് ഈ വർഷം ഏകദേശം 28 ദശലക്ഷം ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്ന കയറ്റുമതിയിലെ തളർച്ചയെ മറികടക്കാൻ യാത്രാ മേഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 മാർച്ച് 31 വരെ ഇന്ത്യൻ യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വീസ നൽകുമെന്ന് ശ്രീലങ്കൻ സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. റഷ്യ, ചൈന, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നീ 6 രാജ്യങ്ങൾക്കും സൗജന്യ ടൂറിസ്റ്റ് വീസ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി എന്താണ് കാത്തിരിക്കുന്നത്? നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ തുടങ്ങൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല