സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്ഥാനപതിക്ക് മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ വൈറല്‍. ശ്രീലങ്കന്‍ വ്യവസായ മന്ത്രിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ സ്ഥാനപതി ഇബ്രാഹീം സാഹിബ് അന്‍സാറിനെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതേ സമയം എന്തിനാണ് മര്‍ദ്ദിച്ചതെന്നോ ആരായിരുന്നു ആക്രമണത്തിന് പിന്നിലെന്നോ ഇനിയും വ്യക്തമല്ലാത്തതിനാല്‍ സംഭവത്തില്‍ ശ്രീലങ്ക മലേഷ്യന്‍ സ്ഥാപനതിയെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മലേഷ്യന്‍ സന്ദര്‍ശനത്തിനായി എത്തിയ മന്ത്രിയെ ശ്രീലങ്കയിലേക്ക് മടക്കി അയയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുന്‍ പ്രസിഡന്റ് രാജപക്‌സേ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോയെന്ന് അക്രമി സംഘം ഇബ്രാഹീമിനോട് ചോദിക്കുകയും പിന്നാലെ മര്‍ദ്ദിക്കുകയുമായിരുന്നു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ മര്‍ദ്ദനത്തില്‍ നിന്നും മോചിപ്പിച്ചത്. ഇടിയും തൊഴിയുമേറ്റ് ഇബ്രാഹീമിന്റെ മൂക്കിലൂടെ രക്തം വരുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇബ്രഹീമിന് സുരക്ഷ ശക്തമാക്കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല