സ്വന്തം ലേഖകന്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ജയം അടിച്ചു മാറ്റാന്‍ ശ്രമം, ശ്രീ ശ്രീ രവിശങ്കറിന് ട്രോളര്‍മാരുടെ പൊങ്കാല. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയം സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് ശ്രീ ശ്രീ രവിശങ്കറിന് വിനയായത്. അഭിനന്ദനങ്ങള്‍ ധോണി, വ്യാഴാഴ്ച നമ്മള്‍ സംസാരിച്ചതു പോലെ ടീം ഇന്ത്യക്ക് സംഭവിച്ചു, എന്നാണ് ഇന്ത്യന്‍ വിജയത്തിനു ശേഷം ശ്രീ ശ്രീയുടെ ട്വീറ്റ്.
പാകിസ്താനെ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശ്രീ ശ്രീയുടെ ട്വീറ്റ്. ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അപഹാസ്യമായ ശ്രമമാണ് ശ്രീ ശ്രീയുടേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. അഭിനന്ദനങ്ങള്‍ ശ്രീ ശ്രീ, വിരാട് കോഹ്‌ലിയോട് വിജയത്തിന്റെ ക്രെഡിറ്റ് ചുളുവില്‍ അടിച്ചെടുക്കേണ്ടന്ന് പറയൂ, എന്ന മട്ടിലാണ് ശ്രീ ശ്രീക്കെതിരായ ട്രോളുകളുടെ പോക്ക്.
ഇന്ത്യ, ന്യുസിലന്‍ഡ് മത്സരത്തിന് മുമ്പ് ധോണി ശ്രീ ശ്രീയുമായി സംസാരിക്കാത്തത് മോശമായിപ്പോയെന്ന് മറ്റൊരു കൂട്ടര്‍ പരിഹസിക്കുന്നു. ഇന്ത്യ, പാക് മത്സരഫലം 400 വര്‍ഷം മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു, കോഹ്‌ലിയും യുവരാജുമൊക്കെ കളിച്ചത് വെറുതെയാണ്, കളി ജയിപ്പിച്ചത് ശ്രീ ശ്രീയാണ് എന്നിങ്ങനെ പോകുന്നു മറ്റ് ട്രോളുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല