സ്വന്തം ലേഖകന്‍: തന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി നടിയുടെ പരാതി, സൈബര്‍ സെല്‍ കേസെടുത്തു. നടി ശ്രുതി ഹരിഹരന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായാണ് ബെംഗളൂരു സൈബര്‍ ക്രൈം സെല്ലില്‍ നടി പരാതി നല്‍കിയത്. ഒരു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഐ.ടി. ആക്ട് അനുസരിച്ച് പോലീസ് സൈബര്‍ ക്രൈം വിഭാഗം കേസെടുത്തതായി എ.സി.പി. (ക്രൈം) രവി പറഞ്ഞു. അശ്ലീല ചലച്ചിത്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളില്‍ നടിയുടെ തലചേര്‍ത്തുള്ള ഫോട്ടോകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം വ്യാജമാണെന്നും അപ്ലോഡ് ചെയ്തയാളിനെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദിനെയും നേരില്‍ക്കണ്ട് ശ്രുതി ഹരിഹരന്‍ പരാതി സമര്‍പ്പിച്ചു. മികച്ചനടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ച ശ്രുതി കേരളത്തില്‍ വേരുകളുള്ള ചെന്നൈ നിവാസിയാണ്. കഴിഞ്ഞ വര്‍ഷം നടി സോനു ഗൗഡയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും പോലീസിന് തലവേദനയായിരുന്നു.
നടിയെടുത്ത ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചു കൊടുക്കുന്നതിനിടെ അത് മറ്റാരോ ചോര്‍ത്തുകയായിരുന്നു. കന്നഡ നടി റിഷിക സിങ്ങിന്റെ ‘മോര്‍ഫ്’ ചെയ്ത ചിത്രങ്ങള്‍ ‘യൂ ട്യൂബ്’ വഴി പ്രചരിപ്പിച്ചതിന് 2013 ല്‍ പോലീസ് കേസെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല