ലണ്ടന്‍ : വൈദ്യുതി – ഗ്യാസ് കമ്പനിയായ എസ്എസ്ഇയുടെ എനര്‍ജി ബില്ലില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ നീക്കം. എസ്എസ്ഇ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് കമ്പനികളും എസ്എസ്ഇയുടെ പാത പിന്തുടരുമെന്ന് ഉറപ്പായി. ഗ്യാസിനും ഇലക്ട്രിസിറ്റിക്കുമായി എട്ടുമില്യണ്‍ ഉപഭോക്താക്കളാണ് എസ്എസ്ഇയെ ആശ്രയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന കുടംബങ്ങള്‍ക്ക് വൈദ്യുതി, ഗ്യാസ് ബില്ലുകളിലുണ്ടായ വര്‍ദ്ധനവ് ഇരുട്ടടിയായി.
ഒരുമാസം ബില്ലില്‍ 8.53 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഇതുമൂലം ഉണ്ടാവുക. രണ്ട് ബില്ലുകള്‍ക്കുമായി ഉപഭോക്താവ് വര്‍ഷം 1,274 ചെലവഴിക്കേണ്ടിവരും. യുകെയിലെ രണ്ടാമത്തെ വലിയ എനര്‍ജി സ്ഥാപനമായ എസ്എസ്ഇ ഒക്ടോബര്‍ പതിനഞ്ച് മുതല്‍ നിരക്ക വര്‍ദ്ധനവ് നടപ്പില്‍ വരുത്തും. ആഗോളതലത്തില്‍ എനര്‍ജി വിലയിലിലുണ്ടായ വര്‍ദ്ധനവും നാഷണല്‍ ഗ്രിസ് നെറ്റവര്‍ക്കിന്റെ ചെലവ് വര്‍ദ്ധിച്ചതുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി എസ്എസ്ഇ ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തില്‍ വില ഉയര്‍ന്നതുകാരണം വരുന്ന ശരത്കാലം മുതല്‍ ഗ്യാസിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബ്രിട്ടനിലെ ഗ്യാസ് റെഗുലേറ്റിങ്ങ് കമ്പനിയായ സെന്‍ട്രിക മുന്നറിയിപ്പ് നല്‍കിയിരുന്നു.
എസ്എസ്ഇ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയതോടെ മറ്റ് കമ്പനികളും നിരക്ക് വര്‍ദ്ധനവുമായി മുന്നോട്ട വരാനാണ് സാധ്യത. എന്നാല്‍ 2013 പകുതിവരെ വിലയില്‍ മറ്റൊരു വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് എസ്എസ്ഇ ഉറപ്പ് നല്‍കിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധനവില്ലാതെ കമ്പനിക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ആഗോളതലത്തില്‍ ഗ്യാസിന്റെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും നഷ്ടം സഹിച്ചുകൊണ്ട് അധികകാലം കമ്പനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും എസ്എസ്ഇയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ മര്‍ച്ചന്റ് പറഞ്ഞു. ആഗോള തലത്തില്‍ ഗ്യാസിന്റേയും മറ്റും വിലയില്‍ പതിനാല് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒക്ടോബറിലെ വില വര്‍ദ്ധനവ് കണക്കിലെടുക്കുമ്പോള്‍ ബ്രിട്ടനില്‍ ഗ്യാസിനും വൈദ്യുതിക്കും ഏറ്റവും കൂടിയ നിരക്ക് വാങ്ങുന്ന കമ്പനിയാണ് എസ്എസ്ഇ. കഴിഞ്ഞ സെപ്റ്റംബറില്‍ ഗ്യാസിന്റെ വിലയില്‍ പതിനെട്ട് ശതമാനവും വൈദ്യുതി വിലയില്‍ പതിനൊന്ന് ശതമാനവും വര്‍ദ്ധനവ് എസ്എസ്ഇ വരുത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഗ്യാസിന്റെ വിലയില്‍ 4.5 ശതമാനത്തിന്റെ കുറവ് വരുത്തിയെങ്കിലും ഒക്ടോബറോടെ ഇത് ഒന്‍പത് ശതമാനമായി കൂട്ടും. എസ്എസ്ഇ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ ആഭ്യന്തര വിപണനം വഴി 271.7 മില്യണിന്റെ വരുമാനം നേടിയിരുന്നു. എന്നാല്‍ ഇത് തൊട്ടുമുന്‍പിലുളള വര്‍ഷത്തേ വരുമാനത്തേക്കാള്‍ 21 ശതമാനം കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല