സ്വന്തം ലേഖകന്‍: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും പിഴവുകളും തെറ്റായ കണക്കുകളും നിറഞ്ഞ ഒരു ആളെ പറ്റിക്കല്‍ ചടങ്ങായി മാറുകയാണോ എന്ന സംശയം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷാ ഔദ്യോഗിക ഫലപ്രഖ്യാപനത്തില്‍ വിജയശതമാനം കൂടുതലുള്ള ജില്ലകളെക്കുറിച്ചുള്ള കണക്കു സംബന്ധിച്ച് സര്‍വത്ര പൊരുത്തക്കേട്.
വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച കണക്കുകളും പരീക്ഷാഭവന്‍ നല്‍കിയ കണക്കുകളും തമ്മിലാണ് ആനയും ആടും തമ്മിലുള്ള വ്യത്യാസം. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണെന്നായിരുന്നു മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. 97.99 ശതമാനമായിരുന്നു വിജയം. എന്നാല്‍ പരീക്ഷാ ഭവന്റെ കണക്കുകള്‍ പ്രകാരം കോഴിക്കോട് റവന്യൂ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം, 98.97 ശതമാനം.
മൊത്തം വിജയശതമാനമായ 97.99 എന്നത് കണ്ണൂരിന്റെ വിജയ ശതമാനമായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. വിജയ ശതമാനത്തില്‍ മൂന്നാമത് മാത്രമുള്ള കണ്ണൂരിന് 98.87 ശതമാനമാണുള്ളത്. 98.88 ശതമാനത്തോടെ പത്തനംതിട്ട ജില്ലയാണ് വിജയശതമാനത്തില്‍ രണ്ടാമത്.
ധൃതിപിടിച്ച് എസ്എസ്എല്‍സി മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും നടത്തിയത് നേരത്തെ വിവാദമായിരുന്നു. അതിനു പുറമെയാണ് കണക്കുകളിലെ ഈ പിഴവ്. സംസ്ഥാനത്തെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന ദിവസം മെയ് ആറ് ആയിരിക്കെ ഇത്രയും ധൃതിയില്‍ ഫലം പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു.
എസ്എസ്എല്‍സി വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ ഉയരുന്നത് കണക്കുകളിലെ കളിയാണോയന്ന സംശയയവും ശക്തമാകുകയാണ്. വിജയ ശതമാനത്തോടൊപ്പം ഗുണപരമായ മുന്നേറ്റം ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം നില നില്‍ക്കുമ്പോഴാണ് ധൃതി പിടിച്ചുള്ള മൂല്യനിര്‍ണയവും തെറ്റായ ഫലപ്രഖ്യാപനവും.
18 ദിവസം കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ 12 ദിവസമാണ് അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിന് ലഭിച്ചത്. മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 10 ന് അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എട്ടാം തീയതിയിലെ ഹര്‍ത്താല്‍ കാരണം മൂല്യനിര്‍ണയം 11 ലേക്ക് നീട്ടുകയായിരുന്നു.
എന്നാല്‍ 11 ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ 13 ന് ഒരു ദിവസം കൂടി പേപ്പര്‍ നോക്കി 12 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ ധൃതിപിടിച്ചു നടത്തിയ മൂല്യനിര്‍ണയത്തിന്റെ ഗുണപരമായ വശം എന്താണെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ സംശയം ഉന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല