സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 95.98 ശതമാനം വിജയം, ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ടയില്‍, എ പ്ലസ് മികവില്‍ മലപ്പുറം മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകളിലും മികച്ച വിജയം. 2016 17 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,37,156 പേര്‍ (95.98%) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. 4,55,906 പേരാണ് പരീക്ഷ എഴുതിയത്. 85,878 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു.
ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് മേയ് എട്ടു മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 15ന് ക്ലാസുകള്‍ ആരംഭിക്കും. സേ പരീക്ഷ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. ഇതിനുള്ള അപേക്ഷ എട്ട് മുതല്‍ 12 വരെ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 96.95% പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നത്. ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 20,967 ആണ്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ട (98.82%). കുറവ് റവന്യൂജില്ല വയനാട് (89.65%). ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യഭ്യാസ ജില്ല കടുത്തുരുത്തി 99.36%. കുറവ് വയനാട് 89.65%. 100% വിജയം നേടിയ സ്‌കൂളുടെ എണ്ണം 1174 ആണ്. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂള്‍ പി.കെ. എം.എം.എച്ച്.എസ് മലപ്പുറം.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലേക്ക് 450,410 സീറ്റുകളാണ് ഉള്ളത്. മേയ് എട്ട് മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് മേയ് 29ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ച്. ക്ലാസുകള്‍ ജൂണ്‍ 15 ന് തുടങ്ങും. സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. അപേക്ഷ 8 മുതല്‍ 12 വരെ സമര്‍പ്പിക്കാം. റിവാല്യൂഷവേഷന്‍ അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും മന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളും മികച്ച വിജയം സ്വന്തമാക്കി. യു.എ.ഇയിലെ ഒമ്പത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 515 പേരില്‍ 508 പേര്‍ വിജയിച്ചു. 98.64 ശതമാനമാണ് വിജയം. ഇതില്‍ ഏഴ് സ്‌കൂളുകള്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ച് നൂറു ശതമാനം വിജയം സ്വന്തമാക്കി. 36 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 141 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവന്‍ പേരെയും ഉന്നത മാര്‍ക്കോടെ വിജയിപ്പിച്ച അബുദാബി മോഡല്‍ സ്‌കൂളാണ് ഗള്‍ഫില്‍ മുന്നിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല