ഫാ സിജു ജോസഫ് കുന്നക്കാട്ട്: പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്കായി അനുവദിച്ച പുതിയ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഏറ്റെടുക്കുകയും പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്യുന്ന സുപ്രധാന ചടങ്ങ് ഒക്ടോബര്‍ 8ാം തിയതി നടക്കും.സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര് പങ്കെടുക്കും.
8ാം തിയതി വൈകീട്ട് ആറു മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ച് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് ഔദ്യോഗികമായ കത്തീഡ്രല്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രത്യക പ്രാര്‍ത്ഥനാ ശുശ്രൂഷകും നടക്കും.തുടര്‍ന്ന് സഭയുടെ ഔദ്യോഗിക സായാഹ്ന നമസ്താരവും വി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും.വൈകീട്ട് 7.30ന് സമാപന ആശിര്‍വാദ പ്രാര്‍ത്ഥനയോടെ കത്തീഡ്രല്‍ ഏറ്റെടുക്കല്‍ ചടങ്ങുകള്‍ സമാപിക്കും.
ബ്രിട്ടനിലെ പഴയകാല കത്തോലിക്കാ വിശ്വാസത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കത്തീഡ്രല്‍ ദേവാലയ പദവിയിലേക്കുയര്‍ത്തപ്പെടുന്ന പ്രസ്റ്റണ്‍ പള്ളി.ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസം വളരെ ശക്തമായിരുന്ന കാലഘട്ടത്തില്‍ വലിയ ക്രൈസ്തവ വിശ്വാസ കേന്ദ്രങ്ങളില്‍ ഒന്നായാണ് പ്രസ്റ്റണ്‍ അറിയപ്പെട്ടിരുന്നത്.വാസ്തുകലയുടെ മനോഹാരിത കൊണ്ടും ദേവാലയത്തിന്റെ ഉള്‍വശം അലങ്കരിക്കുന്ന സ്റ്റെയിന് ഗ്ലാസ് ചിത്രങ്ങളും വിശുദ്ധരുടെ തിരു സ്വരൂപങ്ങളും കൊണ്ട് ശക്തമായ ദൈവ സാന്നിധ്യ ചിന്തയും പ്രാര്‍ത്ഥനാ അന്തരീക്ഷവും ഈ ദേവാലയത്തില്‍ അനുഭവപ്പെടും.ഇംഗ്ലണ്ടിലെ നഷ്ടപ്പെട്ടുപോകുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതാപവും ശക്തിയും വീണ്ടെടുക്കാന്‍ ആഴമായ വിശ്വാസ ജീവിതവും സഭാ സ്നേഹവുമുള്ള സീറോ മലബാര്‍ ക്രൈസ്തവരുടെ സാന്നിധ്യം മുതല്ക്കൂട്ടാവുമെന്നു മനസിലാക്കിയ ലങ്കാസ്റ്റര്‍ രൂപതാ മെത്രാന് മൈക്കിള്‍ കാംബെല്‍ തിരുമേനിയാണ് പ്രസ്റ്റണ്‍ ദേവാലയം സീറോ മലബാര്‍ വിശ്വാസികളുടെ ഉപയോഗത്തിനായി വിട്ടുനല്‍കിയത് .
അതേ സമയം വി.അല്‍ഫോന്‍സാമ്മയുടെയും വി ചാവറയച്ചന്റേയും വി എവു പ്രസ്യാമ്മയുടേയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വ്വം ചില ദേവാലയങ്ങളില്‍ ഒന്നാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍.ഒക്ടോബര്‍ 9ന് നടക്കുന്ന മെത്രാഭിഷേക തിരുന്നാള്‍ കര്‍മ്മങ്ങളുടെ ജോയ്ന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ ഫാ മാത്യു ചുരപൊയ്കയിലാണ് ഇപ്പോള്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല