സ്വന്തം ലേഖകൻ: ഡ്രൈവർ നിയന്ത്രിക്കാതെ യാത്രക്കാരുമായി ബസുകൾ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കാലം ഇതാ അടുത്തെത്തി. ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാത്ത പൂർണ തോതിലുള്ള ബസ് സർവീസുകൾ മേയ് 15ന് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ ആരംഭിക്കും.
ലോക പൊതുഗതാഗതത്തിൽ നാഴികക്കല്ലാവുന്ന ബസ് സർവീസുകളുടെ കന്നിയോട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് സ്കോട്‌ലൻഡ് ഗതാഗത വകുപ്പും ബസ് സർവീസ് ഗ്രൂപ്പായ സ്റ്റേജ്കോച്ചും. സാധാരണ ലോഫ്ലോർ ബസുകളുടെ വലുപ്പത്തിലുള്ള 5 ഒറ്റനില ബസുകളാണ് സ്വയം നിയന്ത്രിത സംവിധാനത്തിൽ നിരത്തിലിറങ്ങുന്നത്.
വ്യത്യസ്ത റൂട്ടുകളിൽ 20 കിലോമീറ്ററിലേറെ നീളുന്നതാണ് ഓരോ സർവീസും. മണിക്കൂറിൽ 80 കിലോമീറ്റർ ആണ് വേഗം. ആധുനിക സെൻസറുകളോടെ സഹായത്തോടെയുള്ള സ്വയം നിയന്ത്രിത സംവിധാനം സുരക്ഷിത ബസ് യാത്ര വാഗ്ദാനം ചെയ്യുന്നു. സിഗ്നൽ ലൈറ്റുകൾ, എതിരെയുള്ള തടസ്സങ്ങൾ എന്നിവ സ്വയം മനസ്സിലാക്കി നിർത്താനും ഓടാനും ബസിന് കഴിയും. ബസ് ഓടിക്കാൻ ഡ്രൈവർ വേണ്ടെങ്കിലും ക്യാപ്റ്റൻ, സുരക്ഷാ ഡ്രൈവർ എന്നീ പദവികളിൽ 2 ഉദ്യോഗസ്ഥർ ഓരോ ബസിലും ഉണ്ടാകും.
സുരക്ഷാ ഡ്രൈവർ, ബസിലെ സ്വയം നിയന്ത്രിത സംവിധാനം ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും യാത്ര നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ടിക്കറ്റ് എടുക്കാനും അന്വേഷണങ്ങൾക്കും യാത്രക്കാരെ സഹായിക്കുന്ന ചുമതലയാണ് ക്യാപ്റ്റന്. ഡ്രൈവർ ഇല്ലാതെ ഓടുന്ന ആധുനിക കാറുകളും സുരക്ഷാ ഡ്രൈവർ സീറ്റിൽ ഇല്ലാതെ നിരത്തിലിറങ്ങാൻ യുകെയിൽ നിയമം അനുവദിക്കുന്നില്ല.
ആഴ്ചയിൽ 10,000 യാത്രക്കാരെ ഉൾക്കൊള്ളുകയാണ് സർവീസിന്റെ ലക്ഷ്യം. യുകെയിലെ പ്രമുഖ ബസ്, ട്രാം, എക്സ്പ്രസ് കോച്ച് സർവീസ് സ്ഥാപനമായ സ്റ്റേജ് കോച്ച്, ഇതോടെ ലോകത്തിലെ ആദ്യ ഓട്ടോമണമസ് ബസ് സർവീസിന്റെ ഉടമകൾ എന്ന പദവിയിലെത്തും. ഈ നേട്ടത്തിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് സ്റ്റേജ് കോച്ച്- യുകെ എംഡി കാർല സ്റ്റോക്ടൺ ജോൺസ് പറഞ്ഞു.
40 വർഷം മുൻപ് ആരംഭിച്ച സ്റ്റേജ്കോച്ചിന്റെ ആസ്ഥാന കേന്ദ്രമെന്ന നിലയിലാണ് പൊതുഗതാഗതത്തിൽ നാഴികക്കല്ലാവുന്ന ഈ ബസ് സർവീസിന് തുടക്കമിടാൻ കിഴക്കൻ സ്കോട്ലൻഡ് തന്നെ അധികൃതർ തിരഞ്ഞെടുത്തത്. പദ്ധതിയെ ‘ആവേശകരമായ നാഴികക്കല്ല്’ എന്നാണ് സ്കോട്ടിഷ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് വിശേഷിപ്പിച്ചത്. ആഗോളതലത്തിൽ ഇത് സ്കോട്‌ലഡിന് പ്രത്യേക യോഗ്യത നേടിക്കൊടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
യുകെയിൽ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് ടെക്നോളജിയുടെ വാണിജ്യവൽക്കരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള സിഎവി ഫോർത്ത് പദ്ധതിയുടെ ഭാഗമാണിത്. 6.1 മില്യൻ പൗണ്ടാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രൊജക്റ്റ് സിഎവി ഫോർത്ത്, ഇന്നവേറ്റീവ് യുകെയുടെ പങ്കാളിത്തത്തോടെ വിതരണം ചെയ്യുന്ന സെന്റർ ഫോർ കണക്റ്റഡ് ആൻഡ് ഓട്ടോണമസ് വെഹിക്കിൾസ് (സിസിഎവി) ഇതിന് ഭാഗികമായി ധനസഹായം നൽകുന്നു. യുകെ ഗവൺമെന്റിന്റെ 100 മില്യൺ പൗണ്ടിന്റെ ഇന്റലിജന്റ് മൊബിലിറ്റി ഫണ്ടിന്റെ ഭാഗമാണിത്.
അടുത്ത മാസം സ്വയം നിയന്ത്രിത ബസുകൾ നിരത്തിലിറങ്ങുന്നത് ഈ രംഗത്ത് 4 വർഷമായി നടക്കുന്ന ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായാണ്. സണ്ടർലാൻഡിലും ബെൽഫാസ്റ്റിലും സമാനമായ സിഎവി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ പൂർണ തോതിലുള്ള ഓട്ടോമണസ് ബസ് സർവീസ് സ്കോട്‌ലൻഡിലാണ് യാഥാർഥ്യമാകുന്നത്. യുകെയിൽ, കേംബ്രിഡ്ജ് നഗരത്തിലുടനീളം 13 ഓട്ടോമേറ്റഡ് ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാൻ ലക്ഷ്യമിടുന്ന കണക്റ്റർ പദ്ധതി അടുത്ത വർഷം ആരംഭിക്കും.
മധ്യകിഴക്കൻ സ്കോട്‌ലൻഡിലെ പ്രശസ്തമായ ഫോർത്ത് റോഡ് തൂക്കുപാലത്തിനു മുകളിലൂടെയുള്ള സ്വയം നിയന്ത്രിത ബസിന്റെ കന്നിയോട്ടത്തിന് കാത്തിരിക്കുകയാണ് സ്കോട്ടിഷ് ജനത. നൂറ്റാണ്ടുകൾ പഴക്കമുള്ള ഫെറി സർവീസിന് പകരമായി 1964ൽ തുറന്ന പാലം യുഎസിന് പുറത്ത് അക്കാലത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലമായിരുന്നു. സൗത്ത് ക്വീൻസ്ഫെറിയിലെ എഡിൻബറയെ നോർത്ത് ക്യൂൻസ്ഫെറിയിലെ ഫൈഫിലേക്ക് ബന്ധിപ്പിക്കുന്ന ഫിർത്ത് ഓഫ് ഫോർത്തിലാണ് പാലം സ്ഥിതി ചെയ്യൂന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല