യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയെ പിന്തുണച്ച് യൂണിയനുമായി കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ പോളണ്ട് സര്‍ക്കാറിനെതിരെ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. 5,000-ത്തോളം പേരാണ് തലസ്ഥാന നഗരമായ വാഴ്‌സയില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രകടനത്തില്‍ അണിനിരന്നത്.
പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ലോ ആന്‍ഡ് ജസ്റ്റിസ് (പി.ഐ.എസ്.) പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ ദേശീയപതാകയുമേന്തിയാണ് പ്രക്ഷോഭകര്‍ അണിനിരന്നത്. രാജ്യം യൂറോപ്യന്‍ യൂണിയന് കീഴടങ്ങിയത് അപമാനകരമാണെന്ന മുദ്രാവാക്യവും അവര്‍ മുഴക്കി. സമാധാന പരമായിരുന്നു പ്രതിഷേധപ്രകടനം .
ജനാധിപത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പ്രതിപക്ഷകക്ഷികളെ നയിച്ചിരുന്ന സോളിഡാരിറ്റി ട്രേഡ് യൂണിയന്‍ പാര്‍ട്ടിയെ കമ്മ്യൂണിസ്റ്റ് അധികാരികള്‍ അടിച്ചമര്‍ത്തിയ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ജാരോസ്ലോ കാസിന്‍സ്‌കി പ്രകടനത്തെ അഭിസംബോധന ചെയ്തു. യൂറോ സോണിന് പുറത്തുള്ള മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ടിന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല