ഇത്തവണത്തെ ബ്രിട്ടണിലെ ക്രിസ്മസ് അങ്ങേയറ്റം പട്ടിണിയിലും ദാരിദ്ര്യത്തിലും ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ജീവകാരുണ്യ സംഘടനകള്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപ്പൊതികള്‍ ഇല്ലെങ്കില്‍ 100,000 ബ്രിട്ടീഷുകാരെങ്കിലും പട്ടിണിയിലാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും രൂക്ഷമായ ബ്രിട്ടണില്‍ ഭക്ഷണത്തിനുള്ള പണം സമ്പാദിക്കാന്‍ കഴിയാത്തവരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്.
ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനുള്ള പുതിയ കൗണ്ടറുകള്‍ ഓരോ ആഴ്ചയിലും തുടങ്ങേണ്ടിവരുന്നുവെന്നാണ് ജീവകാരുണ്യസംഘടനകള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടണിലെ മദ്ധ്യവര്‍ഗ്ഗത്തിനിടയില്‍ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹം വളരെ പെട്ടെന്ന് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് തുടച്ചുനീക്കിയ സാമ്പത്തിക അസമത്വത്തിനെതിരെയുള്ള യുദ്ധത്തിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് സമൂഹം.
ഒരു ജീവകാരുണ്യ സംഘടന ബ്രിട്ടണിലെങ്ങും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനുള്ള ഇരുന്നൂറ് കൗണ്ടറുകളാണ് തുറന്നിരിക്കുന്നത്. എന്നാല്‍ അതുകൊണ്ടും ബ്രിട്ടന്റെ വിശപ്പ് മാറുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെപ്പോലെ ദാരിദ്ര്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ബ്രിട്ടണില്‍ കുത്തനെ കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റിട്ടയേര്‍ഡ് പട്ടാളക്കാരനും ഭാര്യയും പട്ടിണി സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. തൊഴിലില്ലായ്മയും പട്ടണിയും രൂക്ഷമായതോടെ മോഷണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് രാജ്യത്ത് അരക്ഷിതാവാസ്ഥ വര്‍ദ്ധിപ്പിച്ചു.
ഇന്ധനത്തിന്റെ വില വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്നം. തണുപ്പിനെ പ്രതിരോധിക്കാന്‍ ഇന്ധനവില കാരണം പല കുടുംബങ്ങള്‍ക്കും സാധിക്കുന്നില്ല. അതുമൂലം വീട്ടിലെ തടിയുപകരണങ്ങള്‍ തീയിട്ട് കത്തിക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ നയങ്ങള്കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍. എട്ട് ബില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ വിവിധ സൗജന്യങ്ങളില്‍ നിന്നായി വെട്ടികുറച്ചിരിക്കുന്നത്. ഇതെല്ലാം രൂക്ഷമായ സാമൂഹിക പ്രശ്നങ്ങളാണ് ബ്രിട്ടണില്‍ ഉണ്ടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല