സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മലയാള ചലചിത്ര രംഗത്തെ മുതിര്‍ന്ന പ്രതിഭകളായ മധു, ശാരദ, ഷീല, ശ്രീകുമാരന്‍ തമ്പി, എം.കെ അര്‍ജുനന്‍ എന്നിവരെയും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പുക്കുട്ടിയെയും ചടങ്ങില്‍ ആദരിച്ചു.
വിവിധ വിഭാഗങ്ങളിലായി 48 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍. നടി പാര്‍വതി. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.ജി.ജോര്‍ജിനാണ്. പി ജയചന്ദ്രന്‍, നരേഷ് അയ്യര്‍, രമേഷ് നാരായണ്‍, അനുരാധ ശ്രീരാം, മഞ്ജരി, മധുശ്രീ, ബിജിപാല്‍, ഗോപി സുന്ദര്‍, ശ്രേയ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത നിശക്ക് പുറമെ റിമാ കല്ലിങ്കല്‍, അനുശ്രീ, ജ്യോതി കൃഷ്ണ, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും പുരസ്‌കാര വേദിയില്‍ അരങ്ങേറി.
4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് സംഗീത നൃത്ത പരിപാടികള്‍ക്കായി ഒരുക്കിയിരുന്നത്. 15000 പേരെ ഉള്‍ക്കൊള്ളാവുന്ന ഗ്യാലറി നിറഞ്ഞുകവിഞ്ഞ് കാണികളും എത്തി. ദുല്‍ഖറും പാര്‍വതിയുമടക്കമുള്ള പുതുതലമുറക്കാര്‍ ഒരുമിച്ചെത്തിയത് കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല