1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2018

സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ അടിയന്തരാവസ്ഥ; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായ മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂര്‍ അടിയന്തരാവസ്ഥയേര്‍പ്പെടുത്തുന്ന വിവരം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.

ഇത് രണ്ടാംതവണയാണ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനുമുന്‍പ് 2015ല്‍ യാമീനുനേരേ വധശ്രമമുണ്ടായപ്പോഴും യാമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ നിലവില്‍വരുന്നതോടെ സംശയംതോന്നുന്ന ആരെയും അറസ്റ്റുചെയ്യാനും തടവില്‍വയ്ക്കാനുമുള്ള പൂര്‍ണ അധികാരം പോലീസിനും സൈന്യത്തിനും ലഭിക്കും.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുത്തത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യാമീന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മൂന്നുകത്തുകള്‍ അയച്ചതിന് തൊട്ടുപിന്നാലെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമെത്തുന്നത്.

പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം തടയാന്‍ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് പ്രതിപക്ഷം നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. കോടതി ഉത്തരവനുസരിക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യാമീനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ലോകരാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.