സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ പിഎച്ച്ഡി. പ്രബന്ധം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തുവിട്ടു, സര്‍വകലാശാലയുടെ വൈബ്‌സൈറ്റ് തകര്‍ത്ത് വായനക്കാരുടെ തിരക്ക്. പ്രബന്ധം പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായാണ് കണക്ക്. വായനക്കാരുടെ തിരക്കു കാരനം വെബ്‌സൈറ്റ് ഏറെനേരം നിശ്ചലമാകുകയും ചെയ്തു.
കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പബ്ലിക്കേഷന്‍സ് സെക്ഷനിലാണ് 1966 ല്‍ ഹോക്കിങ്‌സ് എഴുതിയ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘പ്രോപ്പര്‍ട്ടീസ് ഓഫ് എക്‌സ്പാന്‍ഡിങ് യൂണിവേഴ്‌സ്’ എന്ന പ്രബന്ധം തേടിയെത്തിയ അമ്പതിനായിരത്തിലേറ ആളുകള്‍ ഇതിനോടകം ഇതു ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണിത്.
ഇതിനുമുമ്പ് ഒരിക്കലും ഏതെങ്കിലും ഒരു പ്രബന്ധമോ മറ്റു പഠനരേഖകളോ തേടി ആളുകള്‍ ഇങ്ങനെയെത്തിയിട്ടില്ലെന്നു സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ തന്റെ 24 മത്തെ വയസിലാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ് 134 പേജുള്ള ഈ പ്രബന്ധം എഴുതിയത്. നേരത്തെ ഹോക്കിങ്‌സിന്റെ പ്രബന്ധം വായിക്കാനോ പകര്‍ത്താനോ സര്‍വകലാശാല ലൈബ്രറി 65 പൗണ്ട് ഈടാക്കിയിരുന്നു.
1942 ജനുവരി എട്ടിന് ഓക്‌സ്ഫഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിങ്‌സ് ‘മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്’ എന്ന രോഗവുമായി പൊരുതി വീല്‍ചെയറിലാണു ജീവിക്കുന്നത്. 1962 മുതല്‍ വിദ്യാര്‍ഥിയായും പിന്നീടു പ്രഫസറായും കേംബ്രിഡ്ജില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവുമാണ്. നിലവില്‍ കേംബ്രിഡ്ജില്‍ വിസിറ്റിങ് പ്രഫസറാണ് ഹോക്കിങ്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല