അപ്പച്ചന്‍ കണ്ണഞ്ചിറ: വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.സ്റ്റിവനേജിലും,പ്രാന്തപ്രദേശങ്ങളിലും നിന്നുമായും എത്തിചേര്‍ന്ന നൂറു കണക്കിന് മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ വെസ്‌റ് മിനിസ്റ്റര്‍ അതിരൂപതയുടെ ചാപ്ലയിന്‍ സെബാസ്റ്റിന്‍ ചാമക്കാലായില്‍ അച്ചന്‍ നേതൃത്വം നല്‍കി.
പരിശുദ്ധ അമ്മക്ക് ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭം കുറിച്ച ഭക്തിസാന്ദ്രമായ തിരുന്നാള്‍ ആഘോഷത്തിന് സ്റ്റിവനേജ് സെന്റ് ജോസഫ് പാരീഷ് പ്രീസ്റ്റ് ഫാ.വിന്‍സന്റ് ഡയിക്ക് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുകയും ആമുഖമായി സ്വാഗതം ആശംശിച്ചു കൊണ്ട്‌സന്ദേശം നല്‍കുകയും ചെയ്തു.
ആഘോഷമായ സമൂഹ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ അയര്‍ലണ്ടില്‍ വാട്ടര്‍ഫോര്‍ഡില്‍ നിന്നെത്തിയ ചാപ്ലയിന്‍ ഫാ.സുനീഷ് മാത്യു മേമന തിരുന്നാള്‍ സന്ദേശം നല്‍കി.മാതൃവിശുദ്ധിയും,മാദ്ധ്യസ്ഥ ശക്തിയും,സഹനങ്ങളുടെയും,വേദനകളുടെയും,കാരുണ്യത്തിന്റെയും ഉറവിടവും,പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ അമ്മക്ക് നല്‍കി പോരുന്ന സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി എന്ന ശ്രേഷ്ഠ പദവിയും അടക്കം വിശേഷണങ്ങള്‍ ഉള്‍ക്കൊണ്ടു നടത്തിയ മരിയന്‍ പ്രഘോഷണം തിരുന്നാളിനെ മാതൃ ഭക്തി തീക്ഷണമാക്കി.മക്കളുടെ മടിയില്‍ കിടന്നു സ്‌നേഹം പറ്റി മരിക്കുവാന്‍ ആഗ്രഹിക്കുന്ന മാതാവിന് സ്വന്തം മടിയില്‍ കിടന്നു മരിച്ച മകന്റെ വേര്‍പ്പാടുളവാക്കിയ അവര്‍ണ്ണനീയ വേദന മാതാവിന് സമ്മാനിച്ചുവെങ്കില്‍ നമ്മുടെ വേദനകളും പ്രയാസങ്ങളും അമ്മയുടെ അതെ സമക്ഷം ചേര്‍ത്തു വെച്ച് തീര്‍ച്ചയായും സാന്ത്വനം തേടാം എന്നും സുനീഷ് അച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു .
സ്റ്റിവനേജിലെ വിശ്വാസി സമൂഹം ഒന്നായി ഏറ്റെടുത്തു നടത്തിയ തിരുനാളില്‍ സമൂഹ പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതാവിന്റെ രൂപം വെഞ്ചരിക്കല്‍ കര്‍മ്മം സുനീഷ് അച്ചന്‍ നടത്തി.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മാതാവിന്റെയും വിശുദ്ധരുടെയും രൂപങ്ങള്‍ വഹിച്ചു കൊണ്ട്, മുത്തുകുടകളുടെ വര്‍ണ്ണാഭമായ അകമ്പടിയോടെ ലുത്തീനിയ ആലപിച്ചു നടത്തിയ പ്രദക്ഷിണം തദ്ദേശീയരുടെ മുമ്പാകെ സഭാ മക്കളുടെ വിശ്വാസ പ്രഘോഷണ റാലിയായി.
ലദീഞ്ഞിനു ശേഷം നേര്‍ച്ച വെഞ്ചിരിപ്പ്,സമാപന ആശീര്‍വാദം തുടങ്ങിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിശ്വാസ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.സെബാസ്റ്റിന്‍ അച്ചന്‍ വിശ്വാസ പരിശീലകരായ ജോയ് ഇരുമ്പന്‍,സിമി ജിനേഷ്,സജന്‍ സെബാസ്റ്റിന്‍,ടെറീന ഷിജി,ജിന്റ്റു ജിമ്മി എന്നിവര്‍ക്കു പുതിയ പാഠ്യ പുസ്തകങ്ങള്‍ വിതരണം ചെയ്തും,കുട്ടികളെക്കൊണ്ട് പ്രാര്‍ത്ഥനകള്‍ ചൊല്ലിച്ചും നടത്തിയ ഉദ്ഘാടന ചടങ്ങിന് പരിശുദ്ധാല്മ ഗാനം ആലപിച്ചു ആല്‍മീയ ഉണര്‍വേകി.
ലൂട്ടന്‍ അരുണ്, ജീന അനി,ജോര്‍ജ്ജ് മണിയാങ്കേരി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചു നടത്തിയ ഗാന ശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അവാച്യമായ സ്വര്‍ഗ്ഗീയ അനുഭൂതി പകരുകയും ഏവരുടെയും പ്രശംശ പിടിച്ചു പറ്റുകയും ചെയ്തു. നിരവധി ദിവസങ്ങള്‍ ചിലവഴിച്ച് പരിശീലനം സിദ്ധിച്ച കുട്ടികള്‍ക്ക് പ്രോത്സാഹനമായി ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് മാതാവിന്റെ രൂപം മുത്തലും,നേര്‍ച്ച വിതരണവും, കഴുന്നെടുക്കലും നടന്നു.
തോരണങ്ങളാല്‍ അലംകൃതമായ ദേവാലയത്തില്‍ സഭാ പിതാവായ തോമാശ്ലീഹാ,പ്രസ്റ്റന്‍ രൂപതയുടെ മദ്ധ്യയ്സ്ഥയായ വി.അല്‍ഫോന്‍സാമ്മ,കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ ചാവറ പിതാവ്,പ്രാര്‍ത്ഥനകളുടെ തോഴിയായ വി.ഏവുപ്രയാസ്യാമ്മ, കരുണയുടെ മകുടമായ വി മദര്‍ തെരേസ എന്നിവരുടെയും,പുതിയ പ്രസ്റ്റന്‍ രൂപതക്കും നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലിനും ആശംസകളും, പ്രാര്‍ത്ഥനയും അര്‍പ്പിച്ചു കൊണ്ടുള്ള ഫ്‌ലെക്‌സുകളും നിറഞ്ഞു നിന്ന ദേവാലയ അങ്കണത്തില്‍ ബലൂണിലൂടെ കമനീയ കവാടം ഒരുക്കിയും,അലങ്കരിച്ച കൊടിമരം നാട്ടിയും വര്ണാഭമാക്കിയപ്പോള്‍ അള്‍ത്താരയും,ദേവാലയത്തിനകവും പുഷ്പങ്ങള്‍ക്കൊണ്ടു വിസ്മയ അലങ്കാരം ഒരുക്കിയത് തദ്ദേശീയരെയും ഹടാതാകര്‍ഷിച്ചു.സിജോ ഒരുക്കിയ മാതാവിന്റെ രൂപക്കൂട് ഏറെ ആകര്‍ഷകമായി.
പ്രിന്‍സണ്‍ പാലാട്ടി,ടെറീന ഷിജി,ജോയി ഇരുമ്പന്‍,സോയ്‌മോന്‍ പെരുന്നിലത്ത്,ജിമ്മി തോമസ് ക്ലാര റെജി തുടങ്ങിയവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.ബോബന്‍ സെബാസ്റ്റിന്‍,തങ്കച്ചന്‍ ഫിലിഫ്, ടെറീന,തോമസ് അഗസ്റ്റിന്‍,ജോണി കല്ലടാന്തിയില്‍ എന്നിവര്‍ ദേവാലയ പുഷ്പാലങ്കാരത്തിനും,ജിമ്മി ജോര്‍ജ്ജ്, മനോജ് ഫിലിഫ്,സിബി കക്കുഴി, ജേക്കബ് കീഴങ്ങാട്ട്, ബെന്നി ജോസഫ്, ജെയ്‌സണ്‍,അനി തുടങ്ങിയവര്‍ ദേവാലയത്തിനു ബാഹ്യ അലങ്കാരത്തിനും നേതൃത്വം നല്‍കി. കാഴ്ച വസ്തുക്കള്‍ ഒരുക്കുന്നതിന് വില്‍സി പ്രിന്‍സണും നേതൃത്വം നല്‍കി.
പത്തോളം കുട്ടികള്‍ അള്‍ത്താര ശുശ്രുഷകള്‍ക്കു സഹായികളായി നിറഞ്ഞു നിന്നത് നവ തലമുറയുടെ സഭാ സ്‌നേഹം പ്രകടമാക്കുന്ന അനുഭവം പകര്‍ന്നു.
വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ ഭക്തിസാന്ദ്രവും ഗംഭീരവുമായ തിരുന്നാള്‍ ആഘോഷം കൊടി ഇറക്കിയ ശേഷം സമാപിച്ചു.മാതൃ സാന്നിദ്ധ്യ സാഫല്യ പുണ്യ അനുഭവം നേടിയാണ് മാതൃ ഭക്തര്‍ ദേവാലയം വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല