1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011

ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ് (56) അന്തരിച്ചു. 2003 മുതല്‍ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സിയിലായിരുന്നു. 2004ല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി. 2009 ല്‍ കരള്‍ മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതു മുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസമയ ഇടപെടല്‍ കുറച്ചിരുന്നു. പിന്നീട് അപൂര്‍വ ഇനം അര്‍ബുദത്തെ മറികടക്കാനായെങ്കിലും അനാരോഗ്യത്തിന്റെ പിടിയിലായി സ്റ്റീവ്. ഇക്കൊല്ലം തുടക്കംമുതല്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു. ആരും കോരിത്തരിച്ചു പോകുന്ന നേട്ടങ്ങളാണ് സ്വന്തം പരിശ്രമത്താല്‍ സ്റ്റീവ് കൈപ്പിടിയിലൊതുക്കിയത്.

2011 ഫെബ്രുവരിയിലാണ് സ്റ്റീവ് ജോബ് കാന്‍സര്‍ ബാധിതനാണെന്നു പുറംലോകം അറിഞ്ഞത്. അപ്പോഴും ലോകത്തോടു ചിലതൊക്കെ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു: ‘ ഞാന്‍ ഉടനെ മരിക്കും എന്ന തോന്നല്‍ ജീവിതത്തിലെ പല നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ എന്നെ സഹായിച്ചു. ജീവിതത്തില്‍ ഏറെക്കുറെ എല്ലാം; പ്രതീക്ഷകള്‍, അഭിമാനം, അസവ്സ്ഥതകളേയും തോല്‍വിയേയും കുറിച്ചുള്ള ഭയം, ഇവയെല്ലാം മരണത്തിനു മുന്‍പില്‍ നിഷ്പ്രഭമാകുന്നു. എറ്റവും പ്രധാനമായതുമാത്രം നിലനില്‍ക്കുന്നു. നിങ്ങള്‍ക്കു എന്തെങ്കിലും നഷ്ടപ്പെടാന്‍ പോകുന്നു എന്ന തോന്നല്‍ ഒരു കെണിയാണ്. ഇതില്‍ നിന്നു രക്ഷപെടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ‘ഞാനിതാ മരിക്കാന്‍ പോകുന്നു എന്ന തോന്നല്‍. നിങ്ങള്‍ നഗ്നനായിരിക്കുന്നു. ഇനി മനസിനെ പിന്തുടരാതിരിക്കുന്നതിനു കാരണങ്ങള്‍ ഒന്നുമില്ല.

ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പന്നങ്ങള്‍ ചരിത്രത്തില്‍ ഇടം നേടി.ലോകത്തില്‍ ഏറ്റവും കുറച്ചു ശമ്പളം കൈപ്പറ്റുന്ന സിഇഒമാരില്‍ ഏറ്റവും പ്രധാന വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്സ്. വര്‍ഷം ഒരു ഡോളറായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. ‘ഒരു ഡോളറില്‍ 50 സെന്റ് (പകുതി) ഞാന്‍ കമ്പനിയില്‍ വരുന്നതിനും ബാക്കി 50 സെന്റ് എന്റെ പ്രകടനത്തിനുംസ്റ്റീവ് പറഞ്ഞു.

1955ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ളാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. സ്റ്റീവന്‍ ജോബ്സ് എന്നു പേരിട്ട സ്റ്റീവ് വിദ്യാഭ്യാസകാലത്തു തന്നെ തന്റെ സാങ്കേതിക അഭിരുചികള്‍ പ്രകടമാക്കിയിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പോര്‍ട്ലന്‍ഡിലെ റീഡ് കോളജില്‍ തുടര്‍പഠനത്തിനു ചേര്‍ന്ന സ്റ്റീവ് പക്ഷേ ആദ്യ സെമസ്റ്ററോടെ പുറത്താക്കപ്പെട്ടു. റീഡിലെ പാര്‍ട് ടൈം കാലിഗ്രഫി ക്ളാസുകളും സുഹൃത്തിന്റെ മുറിയിലെ സൌജന്യതാമസവും സമീപത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ നിന്നുള്ള സൌജന്യഭക്ഷണവും കൊണ്ട് സ്റ്റീവ് പിടിച്ചു നിന്നു. അന്ന് താന്‍ പുറത്താക്കപ്പെടുകയും കാലിഗ്രഫി ക്ളാസുകളില്‍ പങ്കെടുക്കുകയും ചെയ്തില്ലായിയിരുന്നെങ്കില്‍ മാകിന്റോഷില്‍ മള്‍ട്ടിപ്പിള്‍ ടൈപ്ഫേസുകളോ കൃത്യതയുള്ള ഫോണ്ടുകളോ ഉണ്ടാവുമായിരുന്നില്ല എന്നു സ്റ്റീവ് ജോബ്സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലേക്ക് തീര്‍ഥയാത്രയ്ക്കായി പണം സമ്പാദിക്കുന്നതിനു വേണ്ടി 1974ല്‍ സ്റ്റീവ് വിഡിയോ ഗെയിം കമ്പനിയായ അടാരിയില്‍ ടെക്നീഷനായി ചേര്‍ന്നു. സുഹൃത്തിനോടൊപ്പം ഇന്ത്യയിലേക്കു തിരികെയെത്തിയ സ്റ്റീവ് ബുദ്ധമതത്തില്‍ ആകൃഷ്ടനായി തല മുണ്ഡനം ചെയ്ത് ഇന്ത്യന്‍ വേഷവിധാനങ്ങളോടെയാണ് മടങ്ങിയെത്തിയത്. അടാരിയില്‍ ഒരു സര്‍ക്യൂട്ട് ബോര്‍ഡില്‍ തുടങ്ങിയ സ്റ്റീവിന്റെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും 1976ല്‍ സ്റ്റീവ് വോസ്നിയാക്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ക്കൊപ്പം ആപ്പിള്‍ കമ്പനിയുടെ രൂപീകരണത്തിലെത്തിച്ചു.

കമ്പനിയുടെ പുരോഗതിക്കായി പ്രഗല്‍ഭരായ പലരെയും സ്റ്റീവ് സിഇഒമാരായി നിയമിച്ചു. 1983ല്‍ പെപ്സി കോളയിലെ ജോണ്‍ സ്കള്ളിയെ സിഇഒ ആയി ക്ഷണിക്കുമ്പോള്‍ സ്റ്റീവിന്റെ ചോദ്യം ഇതായിരുന്നു: ‘തുടര്‍ന്നും നിങ്ങള്‍ വെള്ളവും പഞ്ചസാരയും വില്‍ക്കാനാഗ്രഹിക്കുന്നോ അതോ എന്നോടൊപ്പം ചേര്‍ന്ന് ലോകം മാറ്റിമറിക്കുന്നോ ? സ്റ്റീവിന്റെ ചോദ്യം ഒരു പ്രവാചകന്റേതെന്ന പോലെ യാഥാര്‍ഥ്യമാകുന്നതാണ് പിന്നീട് ലോകം കണ്ടത്. ആപ്പിളിന്റെ ഓരോ കണ്ടെത്തലും സ്റ്റീവ് ജോബ്സിന്റെ ഭാവനകളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.