ലോകം മുഴുവന്‍ തന്റെ മകന്റെ മരണവാര്ത്തയില്‍ വേദനിക്കുകയും സ്ട്ടീവിനെ അനുസ്മരിക്കുകയും ചെയ്യുമ്പോള്‍ ഇതൊന്നുമറിയാതെ ഒരാള്‍ ലൊസാഞ്ചല്‍സിലെ കെയര്‍ ഹോമില്‍ വിശ്രമത്തിലാണ് – സ്റ്റീവ് ജോബ്സിന്റെ സ്വന്തം പെറ്റമ്മ! മറവിരോഗം ബാധിച്ചു മനോനില തകരാറിലായ ജൊവാനി സിംസണ്‍ (79) മകന്റെ മരണവിവരമറിയാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിവരം ബ്രിട്ടിഷ് പത്രമായ ഡെയ്ലി മെയില്‍ ആണു റിപ്പോര്‍ട്ട് ചെയ്തത്. ജൊവാനിയെ വിവരങ്ങള്‍ ധരിപ്പിക്കാവുന്ന അവസ്ഥയിലല്ല എന്നതിനാല്‍ ജോബ്സിന്റെ മരണം അമ്മയില്‍ നിന്നും മറച്ചു വെക്കുകയായിരുന്നു.
കോളജ് വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് അവിവാഹിതയായ ജൊവാനി, സ്റ്റീവിനെ ഗര്‍ഭം ധരിക്കുന്നത്. കോളജിലയച്ചു പഠിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയ പോള്‍ ജോബ്സ് – ക്ലാര ദമ്പതികള്‍ക്കു കുഞ്ഞിനെ ദത്ത് നല്‍കി. പിന്നീടു സ്റ്റീവിന്റെ അച്ഛനെത്തന്നെ വിവാഹം ചെയ്ത ജൊവാനിയുടെ രണ്ടാമത്തെ കുഞ്ഞാണ് പ്രമുഖ നോവലിസ്റ്റായ മോണ സിംസണ്‍. സ്റ്റീവ് ജോബ്സിന്റെ വിശ്വവിഖ്യാതമായ സ്റ്റാന്‍ഫഡ് പ്രഭാഷണത്തില്‍ അമ്മയെപ്പറ്റി വൈകാരികമായ പരാമര്‍ശങ്ങളുണ്ട്. പില്‍ക്കാലത്ത് അമ്മയെ കണ്ടെത്തിയ സ്റ്റീവ് പക്ഷേ പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലതാനും.
ഓര്‍മ നശിച്ചു താനാരാണെന്നുപോലും അറിയാത്ത അവസ്ഥയില്‍ തെരുവിലൂടെ അലഞ്ഞിരുന്ന അമ്മയെ ആരോ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീടു വിവരമറിഞ്ഞെത്തിയ മകള്‍ അമ്മയെ ലൊസാഞ്ചല്‍സിലെ കെയര്‍ ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ രോഗനില അറിയാമായിരുന്ന സ്റ്റീവ് രഹസ്യമായി അമ്മയ്ക്കു സാമ്പത്തിക സഹായം ചെയ്തിരുന്നു. സ്റ്റീവ് ജോബ്സിന്റെ ജീവിതം ഒരു സിനിമാ കഥയേക്കാള്‍ മനോഹരമാകുകയാണ് ജോബ്സിന്റെ മരണ ശേഷവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല