1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2011

സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണ്ടും ബ്രിട്ടന്‍ നീങ്ങുന്നു എന്ന സൂചന നല്‍കിക്കൊണ്ട് ബ്രിട്ടീഷ് വിപണി തകര്‍ന്നടിയുന്നു.യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. കഴിഞ്ഞ ദിവസം ഏതാണ്ട് 100 പോയന്റാണ് എഫ്ടിഎസ്ഇയ്ക്ക് നഷ്ടമായത്.ഇതേ തുടര്‍ന്ന് ഉയര്‍ന്നു ഷെയറുകളില്‍ 3.4 ശതമാനം കുറവാണ് നേരിട്ടത്. കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ്‌ ഇങ്ങനെ തുടര്‍ച്ചയായ് ബ്രിട്ടീഷ് ഓഹരി വിപണി നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തി കൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പാണു ലോക രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാകുമോ എന്ന ആശങ്കയിലാണു സമ്പദ് വ്യവസ്ഥ. ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ ഇടിവുണ്ടായി. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതോടെ സ്വര്‍ണവില കുതിച്ചുയരുകയുമാണ്‌.

ഒരാഴ്ച്ചയ്ക്കുള്ളില്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്തു വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്, അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് നഷ്ടമാകലാണ് 100 പോയന്റു നഷ്ടം ഒറ്റയടിക്ക് വിപണിക്ക് നല്‍കിയത്. വന്‍ കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 46 ബില്യന്‍ പൌണ്ടിന്റെ നഷ്ടമാണ് വന്‍ കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായത്. സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായത് മൂലം ഇടപാടുകാര്‍ സ്വര്‍ണം പോലെയുള്ള സുരക്ഷിത മാര്‍ഗത്തിലേക്കു പിന്‍വലിഞ്ഞതും ഇടിവിന് കാരണമായി.

യൂറോയുടെ തകര്‍ച്ച നേരിടുന്നതില്‍ നേതാക്കള്‍ക്കുണ്ടായ പാളിച്ചയാണ് ഓഹരിവിണിയിലും പ്രതിഫലിച്ചത്. ആടിയുലഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സാമ്പത്തിക രംഗവും വീണ്ടുമൊരു ഇടിവിലേക്കു പോകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിക്ഷേപകര്‍ ആശങ്കയിലാണെന്നും ഇവര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചതാണ് ഇപ്പോഴത്തെ ഇടിവുണ്ടാക്കിയതെന്നും ഷെയര്‍മാര്‍ക്കറ്റ് കമ്പനി തലവന്‍ റിച്ചാര്‍ഡ് ഹണ്ടര്‍. അതേസമയം റിട്ടയര്‍മെന്റു കാത്തിരിക്കുന്ന മില്യന്‍ കണക്കിന് ആളുകളെയാണ് ഈ തകര്‍ച്ച വന്‍ തോതില്‍ ബാധിക്കുക. അവരുടെ പെന്‍ഷന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടാണ് ഈ ഓഹരി വിപണിയിലെ ഇടിവ്. 8 മില്യനോളം വരുന്ന ബ്രിട്ടീഷുകരുടെ പെന്‍ഷനില്‍ ഇതുവഴി സാരമായ കുറവുണ്ടാകും.

യൂറോയ്ക്കുണ്ടായിരിക്കുന്ന പ്രതിസന്ധി മുഖ്യ രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെയും അപകടകരമായി ബാധിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബരോസോ പറഞ്ഞു. ഇറ്റലിയുടേയും സ്‌പെയിനിന്റെയും പ്രതിസന്ധി അപകടനിലയ്ക്കു മുകളിലാണെന്നു ബെല്‍ജിയത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോസോണിലേക്കുള്ള ബെയ്ല്‍ഔട്ടുകളുടെ തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇതിനുള്ള മാര്‍ഗമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫിലേക്കുള്ള ഭാഗം നല്‍കുന്നതിനു ബ്രിട്ടിനിലെ ജനങ്ങള്‍ വീണ്ടും നിര്‍ബന്ധിക്കപ്പെടുമെന്നാണ് ഇതിന് അര്‍ഥം. ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ രക്ഷിക്കാനായി 13 ബില്യണ്‍ പൗണ്ട് നിലവില്‍ ബ്രിട്ടന്‍ നല്‍കിയിട്ടുണ്ട്.അമേരിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഭീതിയും ആഗോള സാമ്പത്തിക മേഖലയ്ക്കു വിഘാതമാകും.

തൊഴിലില്ലായ്മാ നിരക്കുകള്‍ സാമ്പത്തിക മേഖലയില്‍ വന്‍ തോതില്‍ ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ നേതാക്കള്‍ അവധി ആഘോഷിക്കുന്നതിനുവേണ്ടി വിദേശത്തായിരിക്കുന്ന സമയത്താണ് ബ്രിട്ടനിലെ ഓഹരി ഇടിവുകള്‍. സാമ്പത്തിക മേഖല ഇപ്പോഴും രാഷ്ട്രീയക്കാര്‍ വേണ്ട ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഇവര്‍ പ്രശ്‌നത്തെ തണുപ്പന്‍ മട്ടില്‍ സമീപിച്ചതാണ് ഇപ്പോഴത്തെ പ്രതിസഞ്ചിക്കു കാരണമെന്നും ഐ.ജി. ഇന്‍ഡക്‌സിലെ ഒരു ഓഹരി ഉടമ പറഞ്ഞു. 2008 ലേമാന്‍ ബ്രദേഴ്‌സ് തകര്‍ന്നടിഞ്ഞത് ഇതുപോലൊരു മാന്ദ്യത്തെത്തുടര്‍ന്നായിരുന്നു. 1930 കളിലെ റിസഷന്റെ അവസ്ഥയിലേക്കു ലോകം പോകുമെന്നും ഇദ്ദേഹം പറഞ്ഞു.
.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.