സ്വന്തം ലേഖകന്‍: ഇന്നു നടക്കാനിരിക്കുന്ന ചൈനയിലെ പട്ടിയിറച്ചി തീറ്റ ആഘോഷത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഇരമ്പുന്നു. ചൈനയിലെ ഗുവാങ്‌സ് സുവാങ് പ്രദേശത്തെ യൂളിനില്‍ ഇന്നു നടക്കുന്ന പട്ടിയിറച്ചി തീറ്റ ആഘോഷത്തില്‍ 10,000ത്തോളം പട്ടികളാണ് കൊലചെയ്യപ്പെടുക.
മുമ്പും എല്ലാം വര്‍ഷവും സംഘടിപിക്കുന്ന ഈ ആഘോഷത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സോഷ്യല്‍ മീഡിയ വഴി ആഗോളതലത്തില്‍ ഇത്രയേറെ പ്രതിഷേധം ഉയരുന്നത് ആദ്യമാണ്. പട്ടിയിറച്ചി കഴിക്കുന്നത് ശരീരോഷ്മാവ് ഉയര്‍ത്തുമെന്നും അങ്ങനെ മഞ്ഞുകാല തണുപ്പിനെ മികച്ചരീതിയില്‍ നേരിടാനാവുമെന്നുമാണ് ചൈനക്കാരുടെ വിശ്വാസം. മാത്രമല്ല പട്ടിയിറച്ചി ഭാഗ്യവും ആരോഗ്യവും കൊണ്ടുവരുമെന്നും അവര്‍ കരുതുന്നു.
പട്ടിയിറച്ച് കഴിക്കുന്നത് നിയമവിധേയമായ രാജ്യമാണ് ചൈന. 2009, 10 വര്‍ഷത്തിലാണ് യൂളിന്‍ ഫെസ്റ്റ് എന്ന പേരില്‍ പട്ടിയിറച്ചി കഴിക്കുന്ന ആഘോഷം ആരംഭിച്ചത്. പട്ടിയിറച്ചി വില്‍പ്പനക്കാരുടെ കച്ചവടത്തെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഈ ഉത്സവത്തിനെന്നും മൃഗസ്‌നേഹികള്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രാദേശികമായി നടത്തുന്ന ഒരു ഉത്സവമാണിതെന്നാണ് കഴിഞ്ഞ വര്‍ഷം ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തത്. പ്രാദേശികസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഈ കൂട്ടക്കൊല നടക്കുന്നതെന്നാണ് ടൈം മാസികയും പറയുന്നു. പ്രതിഷേധം വ്യാപകമായതോടെ പട്ടിയിറച്ചി തീറ്റ ഉത്സവത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി യൂളിന്‍ പ്രാദേശിക ഭരണകൂടം തടി രക്ഷിച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് പട്ടികളെയാണ് ഉത്സവത്തിന് കൊല്ലുന്നതിന് യൂളിനില്‍ എത്തിക്കുന്നത്. വീടുകളില്‍ വളര്‍ത്തുന്ന പട്ടികളെപ്പോലും മാംസാവശ്യത്തിനായി തട്ടിക്കൊണ്ട് വരുന്നതായി പറയപ്പെടുന്നു. പട്ടികളുടെ തലക്കടിച്ചശേഷം കഴുത്തറുത്ത് തിളക്കുന്ന വെള്ളത്തിലിടുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് കശാപ്പുകാരന്‍ രോമങ്ങളും ആന്തരികാവയങ്ങളും നീക്കിയശേഷം പട്ടിയിറച്ചി പൊരിച്ചെടുക്കും. തികച്ചും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് ഇവയെ കൂട്ടക്കൊല ചെയ്യുന്നതെന്നും ആരോപണമുണ്ട്.
ചൈനയില്‍ വലിയ പ്രാധാന്യമുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വെയ്‌ബോയിലും പട്ടിയിറച്ചി തീറ്റ ഉത്സവത്തിനെതിരെ പ്രചാരം ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ഈ ഉത്സവത്തിനെതിരെ ട്വിറ്ററിലും പ്രതിഷേധം വ്യാപകമാണ്. യൂളിന്‍ 2015 തടയുക എന്ന ഹാഷ് ടാഗില്‍ 10 ലക്ഷത്തോളം സന്ദേശങ്ങളാണ് ട്വിറ്ററില്‍ പ്രവഹിച്ചത്. യൂളിന്‍ ഉത്സവത്തിനെതിരായ യുട്യൂബ് വീഡിയോ 2.74 ലക്ഷത്തിലേറെ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല