സ്വന്തം ലേഖകൻ: എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളില്‍ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാവിലെ വരെ നീട്ടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് പ്രദേശങ്ങളില്‍ മുന്നറിയിപ്പ് മൂന്നുമണി വരെ തുടരും.
184 കിലോമീറ്ററിലേറെ വേഗത്തില്‍ വീശിയ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ അയര്‍ലന്‍ഡിലും യുകെയില്‍ സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മിക്കയിടത്തും വൈദ്യുതിയും മൊബൈല്‍ നെറ്റുവര്‍ക്കും പ്രവര്‍ത്തന രഹിതമായത് ജനജീവിതം ദുസ്സഹമാക്കി.
280,000 കുടുംബങ്ങളെയും നിരവധി ബിസിനസ് സ്ഥാപനങ്ങളെയും വൈദ്യുതി ബന്ധമില്ലാത്തത് ദുരിതത്തിലാക്കി. മിക്കയിടത്തും 14ഉം 20ഉം മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇനിയും ദിവസങ്ങള്‍ വൈകുമെന്നാണ് വിവരം.
എയോവിന്‍ കാറ്റിന്‍റെ തുടര്‍ച്ചയായി പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പ്രളയം രൂപപ്പെട്ടതിന്‍റെ വിവരങ്ങളും വാര്‍ത്തയായിട്ടുണ്ട്. പേസില്‍ നിരവധി കാറുകള്‍ വെള്ളത്തിന് അടിയിലായതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല