അരണ്ട വെളിച്ചത്തില്‍ ശകുന്തള കാണുന്നുണ്ടായിരുന്നു സുകുവേട്ടനെ . ഇത് താന്‍ എന്നും കാണുന്നതല്ലേ? കാണാന്‍ മാത്രമല്ലേ സാധിക്കൂ….
എന്‍റെ കാല്‍ തണുക്കാതിരിക്കാന്‍ എന്നെ പുതപ്പിക്കുന്ന സുകുവേട്ടന്‍, പാവത്തിന് അറിയാം തണുപ്പോ ചൂടോ ഒന്നും അറിയാനോ, അനുഭവിക്കാനോ ഉള്ള ശേഷി എന്‍റെ പാതി ശരീരത്തിനില്ല എന്ന്, എന്നിട്ടും എത്ര കരുതലോടെയാണ് എന്നെ ശുശ്രൂക്ഷിക്കുന്നത്. ഇനി അവിടെ നിന്ന് എന്‍റെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് എന്‍റെ മൂര്‍ദ്ധാവില്‍ ചുംബിക്കും അതിനു ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് നേരെ അടുത്തുള്ള കട്ടിലില്‍ ഉറങ്ങും, ഇടയ്ക്കു ഉണര്‍ന്ന് എന്നെ സഹായിക്കും, ഇതൊക്കെ എനിക്ക് മനപാഠം ആണ് രണ്ടു വര്‍ഷമായില്ലേ ഇങ്ങനെ തുടരുന്നു . അന്നും പതിവിന് വിപരീതമായി ഒന്നും സംഭവിച്ചില്ല.
സുഗുണന്‍ തന്‍റെ കട്ടിലില്‍ കിടന്നു ജനലിലൂടെ പുറത്തേക്കു നോക്കി. പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനെ നെ മൂടുവാന്‍ ഒരു വലിയ കാര്‍മേഘം അടുത്തേക്ക് വരുന്നു, ചന്ദ്രനെ വിഴുങ്ങിയ കാര്‍മേഘം ചുറ്റിലും കൂരിരുട്ട് പരത്തി ഒരു രാക്ഷസനെ പോലെ തന്നെ നോക്കി അട്ടഹസിക്കുന്നു. സുഗുണന്‍ ജനല്‍ അടച്ച് പുതപ്പു മൂടി കിടന്നു.
സുന്ദരിയായ അമ്മാവന്‍റെ മകളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു എല്ലാവര്‍ക്കും താല്പര്യം. പക്ഷേ ഞാന്‍ പ്രിയയെ ഒരു കുഞ്ഞനിയത്തിയായി മാത്രമേ കണ്ടിരുന്നുള്ളൂ, അവള്‍ക്കുമത് അറിയാമായിരുന്നു. അവളാണ് ശകുന്തളയെ എനിക്ക് പരിചയപെടുത്തി തന്നത്. സ്വന്താമായി ഒരു ബൈക്ക് വാങ്ങനായിരുന്നു അന്ന് ഞാനും പ്രിയയും കൂടി ആ ഷോ-റൂമിലേക്ക് പോയത്. റിസെപ്ഷനില്‍ നില്‍ക്കുന്ന യുവതിയെ കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു ബൈക്ക് വാങ്ങുന്നെങ്കില്‍ അതിവിടുന്ന് മാത്രമെന്ന്. ആ യുവതി പ്രിയയുടെ കൂട്ടുകാരി ആണെന്ന് കൂടി അറിഞ്ഞപ്പോള്‍ ഫിനീഷിംഗ് പോയിന്റിലേക്ക് അടുക്കുന്ന ഓട്ടക്കാരനെ പോലെയായി എന്‍റെ മനസ്സ്. വില്‍ക്കാനായി വെച്ചിരിക്കുന്ന ബൈക്കുകളെ പറ്റിയുള്ള ശകുന്തളയുടെ വിവരണം കേട്ടാല്‍ മറ്റ് ജീവനക്കാര്‍ തോറ്റുപോകുമായിരുന്നു. വിവാഹത്തിനു ശേഷമാണ് അറിഞ്ഞത് വാഹനങ്ങളെ പറ്റി ഇത്രമാത്രം അറിവുള്ളയാള്‍ക്ക് ഡ്രൈവിംഗ് അറിയില്ലായെന്ന് .
ഏതോ ഒരു നശിച്ച സമയത്താണ് ശകുന്തളയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ തീരുമാനിച്ചത്.അവള്‍ വളരെ പെട്ടന്ന് തന്നെ പഠിച്ച് ലൈസെന്‍സ് എടുത്തു. അമ്മയുമായ് ക്ഷേത്രത്തില്‍ പോയി വരുന്ന വഴിയിലുണ്ടായ ഒരു അപകടം … അതില്‍ എനിക്ക് നഷ്ടപെട്ടത് എന്‍റെ അമ്മയും, അരക്ക് കീഴോട്ടു ചലനശേഷിയില്ലാതായിപോയ എന്‍റെ ഭാര്യയും.
ശകുന്തളയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. ശബ്ദം പുറത്തേക്കു വരാതെ കരയാന്‍ അവള്‍ നന്നായി പഠിച്ചുകഴിഞ്ഞു. ആവശ്യത്തിലേറെ ദുഖവും ബുദ്ധിമുട്ടുകളും സുകുവേട്ടന് നല്‍കുന്നതിന്‍റെ കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ.
സുകുവേട്ടന്‍ പതിയെ എഴുന്നേല്‍ക്കുന്നത് കണ്ട് ശകുന്തള കണ്ണ് തുടച്ച് കണ്ണടച്ച് കിടന്നു. താന്‍ ഉറങ്ങിയോ എന്ന് നോക്കിയതിനു ശേഷം പതിയെ ഗോവണിയിറങ്ങി പോകുന്നത് പാതിയടഞ്ഞ കണ്ണുകളിലൂടെ അവള്‍ കാണുന്നുണ്ടായിരുന്നു. ഈ രാത്രിയില്‍ എങ്ങോട്ടാന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ എന്‍റെ മനസ്സ് അതിന് അനുവദിച്ചില്ല. വേലക്കാരികുട്ടിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേള്‍ക്കാം, തമ്മില്‍ സംസാരിക്കുന്നതും കേള്‍ക്കാമായിരുന്നു. അതില്‍ ഒരാള്‍ സുകുവേട്ടനാണെന്ന് അറിയാന്‍ എനിക്ക് ഒട്ടും സംശയിക്കെണ്ടാതായി വന്നില്ല. ഉടന്‍ തന്നെ വാതില്‍ അടയുന്ന ശബ്ദവും കെട്ടു.
സുകുവേട്ടന്റെ തിരിച്ചു വരവും കാത്തു കിടക്കുന്ന ശകുന്തളയുടെ മനസ്സില്‍ ദുഖത്തിന്റെ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു പുരുഷന്‍ ആഗ്രഹിക്കുന്നത് ഒന്നും നല്‍കാന്‍ സാധിക്കാത്ത ഹതഭാഗ്യ അല്ലെ താന്‍… മറ്റ് മെച്ചില്‍പ്പുറം തേടി പോകുന്ന ഭര്‍ത്താവിനെ സഹാനുഭൂതിയോടെ നോക്കികാണുന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ ഒരു പക്ഷെ താനാവും. എന്‍റെ സുകുവേട്ടനോട് എനിക്ക് ഒരു അപേക്ഷയെയുള്ളൂ; വേലക്കാരികുട്ടിയുടെ ശരീരത്തെ നിങ്ങള്‍ സ്നേഹിച്ചോളൂ പക്ഷെ മനസ്സ് .. അത് എനിക്ക് മാത്രം വേണം.. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കണം എന്നുണ്ട്, ഞാന്‍ അതറിയിച്ചാല്‍ ഇപ്പോള്‍ എട്ടന് ലഭിക്കുന്ന സന്തോഷവും അഭിനിയിച്ചു തീര്‍ക്കുന്ന നാടകവും പൊളിയില്ലേ?
ഗോവണിപടി കയറി വരുന്ന ശബ്ദം കേട്ടതെ ശകുന്തള കണ്ണടച്ച് നാടകത്തിലെ സ്വന്തം ഭാഗം അഭിനയിച്ചു തുടങ്ങി. സുഗുണന്‍, ശകുന്തളയുടെ ദേഹത്തെ മാറികിടക്കുന്ന പുതപ്പു നേരെയിട്ടിട്ട് സ്വന്തം കട്ടിലില്‍ പോയി കിടന്നു. ഒന്ന് ഉറക്കെ കരയാന്‍ കൊതിച്ച് …കൊതിച്ച് അവളും തളര്‍ന്നുറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല