1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2011

തോമസ് സെബാസ്റ്റ്യന്‍

” തീര്‍ച്ചയായും ഞാനിത് അര്‍ഹിക്കുന്നില്ല. എന്റെ കുടുംബത്തിനുവേണ്ടി ഇത്രമാത്രം ചെയ്തിട്ടും ഇത്തരത്തിലാണ് എന്റെ ചില സഹോദരങ്ങള്‍ എന്നോട് പ്രതികരിക്കുന്നത് ” നാട്ടില്‍ പോയപ്പോള്‍ തന്റെ കുടുംബവീട്ടില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ വിവരിച്ചശേഷം ജോണിക്കുട്ടി പറഞ്ഞു.

ഒരാഴ്ച മുമ്പ് അവധിയ്ക്കുശേഷം നാട്ടില്‍ നിന്നും മടങ്ങിയെത്തിയ ജോണിക്കുട്ടി തികച്ചും അസംതൃപ്തനായിരുന്നു. കാവനാട്ടു കവലയില്‍ പിതൃസ്വത്തായി കിട്ടിയ പുരയിടത്ത് എല്ലാ സഹോദരങ്ങളുടേയും സാമ്പത്തിക സഹകരണത്തോടുകൂടി ഒരു കൊമേഴ്ഷ്യല്‍ കെട്ടിടം പണിയുവാന്‍ അദ്ദേഹം പദ്ധതി ഉണ്ടാക്കിയിരുന്നു. ആ പൊതു സംരഭത്തില്‍ പങ്കെടുത്താല്‍ സഹോദര്യത്വവും കുടുംബകൂട്ടായ്മയും വളര്‍ത്തുവാന്‍ കഴിയുമെന്ന ജോണിക്കുട്ടിയുടെ അടിസ്ഥാന വിശ്വാസത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് തന്റെ അഞ്ചു സഹോദരങ്ങളില്‍ മൂന്നു പേര്‍ പദ്ധതിയില്‍ ചേരുവാന്‍ വിസമ്മതിക്കുകയും അതിലൊരാള്‍ ജോണിക്കുട്ടി ഒരു തട്ടിപ്പുകാരനാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തന്നെ ഒരു തട്ടിപ്പുകാരനെന്ന വിശേഷിപ്പിച്ചതാണ് ജോണിക്കുട്ടിയെ അസ്വസ്ഥനാക്കിയത്. നിരാശനായ ജോണിക്കുട്ടി സ്വന്തം ചിലവില്‍ തന്നെ കെട്ടിടം പണിയുവാന്‍ തീരുമാനിയ്ക്കുകയും അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്ത ശേഷമാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്.

ഈ കഥകള്‍ കേട്ട തന്റെ പ്രാര്‍ത്ഥന കൂട്ടായ്മയിലെ അടുത്ത സുഹൃത്തായ പോള്‍ വടക്കന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബുദ്ധി ജീവികളെ സാധാരണ പുച്ഛത്തോടുകൂടി കാണുന്ന ജോണിക്കുട്ടി ബര്‍മിംങ്ഹാം യൂണിവേഴ്‌സിറ്റി സോഷ്യോളജി പ്രഫസര്‍ ഡോക്ടര്‍ മാര്‍ട്ടിന്‍ ജോണ്‍സിനെ കാണുവാന്‍ പോയത്. പ്രഥമദൃഷ്ട്യാ നിങ്ങളെ ഒരു തട്ടിപ്പുകാരനെന്ന് വിശേഷിപ്പിക്കുവാന്‍ മാത്രം നിങ്ങള്‍ വിവരിച്ച കാര്യങ്ങളില്‍ ഞാന്‍ ഒന്നും കാണുന്നില്ല. ഡോക്ടര്‍ മാര്‍ട്ടിന്‍ പറഞ്ഞു. ” താങ്കളുടെ ഇളയ സഹോദരന്‍ നിങ്ങളെ സംശയദൃഷ്ട്യാ കാണുന്നു എന്നതില്‍ സംശയമില്ല. അങ്ങനെ തോന്നത്തക്കതായി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ എന്തെല്ലാമാണ് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനുവേണ്ടി ചെയ്തിട്ടുള്ളത് ” ഡോ. മാര്‍ട്ടിന്‍ ചോദിച്ചു.

തനിക്ക് സൗദി അറേബ്യയില്‍ ജോലി കിട്ടിയ കാലം മുതല്‍ കുടുംബത്തിലുണ്ടായിട്ടുള്ള പലകാര്യങ്ങലും കുടുംബത്തിനുവേണ്ടി ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ജോണിക്കുട്ടി വിവരിച്ചു. കുടുംബസ്വത്ത് വീതം വച്ചപ്പോള്‍ യാതൊരു അധിക കടപ്പാടും കൂടാതെ കുടുംബവീടും അതിരിക്കുന്ന സ്ഥലവും തന്റെ പേരില്‍ പിതാവ് എഴുവച്ച കാര്യവും തന്റെ വിവരണത്തില്‍ ഉള്‍പ്പെടുത്താന്‍ ജോണിക്കുട്ടി മറന്നില്ല.

” നിങ്ങള്‍ കുടുംബത്തിനുവേണ്ടി ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളിലും ചാരിറ്റിയുടെ ഒരംശം എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇതിലൊന്നിലും താങ്കള്‍ക്ക് സാമ്പത്തികമായി യാതൊരു കേടുപാടുകളും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ് “. ഡോ. മാര്‍ട്ടിന്‍ പറഞ്ഞു.

” അതു ശരിയായിരിയ്ക്കാം. എന്നാല്‍ എന്റെ കുടുംബത്തിന്റെ ഒത്തൊരുമായായിരുന്നു എപ്പോഴും എന്റെ മനസ്സില്‍. കുടുംബമാണ് സമൂഹത്തില്‍ അടിസ്ഥാനം എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയും അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചു വളര്‍ന്ന കുടുംബത്തിന്റെയും ഞാന്‍ സ്വയം തുടങ്ങിയ കുടുംബത്തിന്റെയും ഒത്തൊരുമ കാത്തുസൂക്ഷിക്കുവാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഇവയെല്ലാം എന്റെ അദ്ധ്യാത്മികതയുടെ ഒരു പ്രതിഫലനമായിട്ടാണ് ഞാന്‍ കാണുന്നത്. എല്ലാ ദിവസവും ബൈബിള്‍ വായിക്കുന്ന ഞാന്‍ വേദപുസ്തകത്തില്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് വിശ്വസിക്കുന്നു “. തന്റെ ജീവിതത്തെ നയിയ്ക്കുന്ന ചില തത്വങ്ങളെക്കുറിച്ച് ജോണിക്കുട്ടി പറഞ്ഞു.

” താങ്കള്‍ ആദ്ധ്യാത്മികതയില്‍ ഊന്നല്‍ നല്‍കുന്ന വ്യക്തിയാണ് എന്നറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഏതെല്ലാം രീതിയിലാണ് താങ്കള്‍ താങ്കളുടെ ആദ്ധ്യാത്മികത നിലനിര്‍ത്തുന്നത് “. ഡോക്ടര്‍ മാര്‍ട്ടിന്‍ ആരാഞ്ഞു

” എല്ലാ ദിവസവും കുടുംബപ്രാര്‍ത്ഥന, നോമ്പുകാലത്ത് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപവാസം , പ്രാര്‍ത്ഥന കൂട്ടായ്മയ്ക്ക് നേതൃത്വം, പ്രതിമാസ കുടുംബനവീകരണ ധ്യാനത്തില്‍ സാക്ഷ്യം പറയല്‍ എന്നിവ അതില്‍ ചിലതാണ്. കൂടാതെ ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഇവിടുത്തെ പ്രാര്‍ത്ഥനകൂട്ടായ്മകള്‍ക്കുവേണ്ടി ഞാന്‍ 150 ബൈബിളിന് ഓര്‍ഡര്‍ കൊടുത്തിരിയ്ക്കുകയാണ് ” . ജോണിക്കുട്ടി പറഞ്ഞു.

” ആദ്ധ്യാത്മിക കാര്യങ്ങളില്‍ കാണിയ്ക്കുന്ന ഈ ശുശ്കാന്തി കുടിയേറ്റ സമൂഹത്തില്‍ പൊതുവെ കാണുന്ന ഒരു പ്രതിഭാസമാണ്. ഒന്ന് ഓര്‍ത്തുനോക്കിയാലും, നിങ്ങളുടെ പിതാവ് ഇത്രമാത്രം ഭക്തനായിരുന്നോ ? ” ഡോ. മാര്‍ട്ടിന്‍ ചോദിച്ചു.

” അദ്ദേഹം ഭക്തികാര്യങ്ങളില്‍ നിന്ന് വളരെ അകന്നായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം ഒരിക്കലും എന്നെപ്പോലെ പള്ളിയുടെ ചുറ്റും മുട്ടില്‍ നീന്തുകയോ മറ്റും ചെയ്യുമായിരുന്നില്ല ” . ജോണിക്കുട്ടി പറഞ്ഞു. ” താന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന ജീവിതമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് അമിത ഭക്തിയുടെ ആവശ്യമില്ലായിരുന്നു. ഭാരതീയ പരമ്പരാഗത മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന മലയാളികള്‍ക്ക് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പൌരസ്ത്യ സംസ്‌കാരവുമായി ഒത്തുചേര്‍ന്ന് പോകുവാന്‍ കഴിയുന്നില്ല. അവര്‍ ഈ പ്രശ്‌നത്തെ നേരിടുന്നത് മലയാളി വൈദികരുടെ പൗരസ്ത്യസംസ്‌കാരം ജീര്‍ണ്ണിച്ചതാണ് എന്ന അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് സ്വന്തമായി ഒരു കൂടുണ്ടാക്കി അതില്‍ അഭയം പ്രാപിച്ചുകൊണ്ടാണ.് ഈ പ്രക്രിയക്ക് വളരെ സഹായകരമാകുകയാണ് പ്രാര്‍ത്ഥനാ കൂട്ടായ്മകളും പ്രതിമാസ കുടുംബനവീകരണ ധ്യാനങ്ങളും “. ഡോക്ടര്‍ മാര്‍ട്ടിന്‍ പറഞ്ഞു.

” ആദ്ധ്യാത്മികത ഭൗതികാതീതമായ ഒന്നല്ല, മറിച്ച്, വളരെയുക്തി പൂര്‍വ്വകമായ ഒന്നാണ്. യാഥാര്‍ത്ഥ ആത്മീയതയുടെ സ്‌ത്രോതസ്സ് നമ്മുടെ ജീവിതം മറ്റുള്ളവരോട് സഹകരണത്തോടുകൂടി ജീവിക്കേണ്ടതാണ് എന്ന തിരിച്ചറിവാണ് ” ഡോ. മാര്‍ട്ടിന്‍ പറഞ്ഞു. നമ്മുടെ ചര്‍ച്ച വഴിമാറി പോകുകയാണ് എന്നെനിയ്ക്കു തോന്നുന്നു. ആദ്ധ്യാത്മികതയും നാം നടത്തിവന്ന ചര്‍ച്ചയുമായി എന്താണ് ബന്ധം? ജോണിക്കുട്ടി ചോദിച്ചു. ” വളരെ അടുത്ത ബന്ധം. മതാചാരങ്ങളില്‍ അടിസ്ഥാനമായ അദ്ധ്യാത്മികതക്കാര്‍ അവരുടെ ബന്ധങ്ങളില്‍ ഒരു രക്ഷാധികാരി മനോഭാവം വച്ച് പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ കഴിയും.ദൈവം തന്‍റെ രക്ഷാധികാരിയായിരുന്നതുപോലെ , ദൈവത്തോട് അടുത്ത് ജീവിയ്ക്കുന്ന തനിയ്ക്കും മറ്റുള്ളവരുടെ രക്ഷാധികാരിയായിരിക്കുവാന്‍ ഒരു കടപ്പാടുണ്ട് എന്ന് അവര് കരുതുന്നു. താങ്കളുടെ സഹോദരന്‍മാര്‍ ഒരു പക്ഷേ ഈ രക്ഷാധികാരി മനോഭാവത്തെയാവും എതിര്‍ക്കുന്നത്. ഒരു കെട്ടിടം പണിയുവാന്‍ നിങ്ങള്‍ മുമ്പോട്ട് വെച്ച ആശയം നമുക്ക് വിശകലനം ചെയ്യാം. ഇവിടെ താങ്കള്‍ മുന്നോട്ടുവെച്ചത്. മുതല്‍ മുടക്ക് ആവശ്യമായ ഒരു പദ്ധതിയാണ്. ഈ പദ്ധതിയില്‍ പങ്കെടുക്കണമോ എന്ന് ഓരോ വ്യക്തിയും അവര്‍ അവരുടേതായ രീതിയില്‍ അതിന്റെ നല്ല വശങ്ങളും ദോഷവശങ്ങളും വിശകലനം നടത്തിയശേഷം തീരുമാനിയ്ക്കും. ഇത് കുടുംബക്കൂട്ടായ്മ വളര്‍ത്തുന്നതിനു വേണ്ടിയാണ് നടപ്പിലാക്കുന്നത് എന്ന വാദം ഒരു പക്ഷേ അവര്‍ ഒരു രക്ഷാധികാരി മനോഭാവമായി കണക്കാക്കിയിരിക്കാം. അവരുടെ പഠനത്തിനുവേണ്ടി ഒരു പ്രോജക്ട് ഉണ്ടാക്കുകയോ മറ്റോ ചെയ്തിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഫോണില്‍ വിളിച്ച് പദ്ധതിയില്‍ പങ്കെടുക്കുവാന്‍ അവരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്’ ” ഡോ. മാര്‍ട്ടിന്‍ പറഞ്ഞു.

” താങ്കളെ ഫ്രോഡെന്ന് വിശേഷിപ്പിച്ച സഹോദരന താങ്കള്‍ അയാളെ സാമ്പത്തികമായി കമ്പളിപ്പിച്ചു എന്നായിരിക്കില്ലേ അര്‍ത്ഥമാക്കിയത്. അദ്ദേഹം താങ്കളുടെ രക്ഷാധികാരി മനോഭാവത്തോട് തന്റെ തീവ്ര വിയോജിപ്പ് പ്രകടമാക്കുക മാത്രമായിരിക്കാം ചെയ്തത് “. ഡോ. മാര്‍ട്ടിന്‍ പറഞ്ഞു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചിന്തയ്ക്കു വിധേയയമാക്കുന്നത് ഒരു പക്ഷേ സഹായകരമായിരക്കും. ഡോ. മാര്‍ട്ടിന്‍ തന്റെ വിശകലനം അവസാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

ഞങ്ങളുടെ കുടുംബ കൂട്ടായ്മ നിലനിര്‍ത്തുവാന്‍ എന്തൊക്കെയാണ് ചെയ്യുവാന്‍ കഴിയുക? ജോണിക്കുട്ടി ചോദിച്ചു.

തീര്‍ച്ചയായും പലതും താങ്കള്‍ക്ക് ചെയ്യുവാന്‍ കുട്ടിയും ഒന്നാമതായി, രക്ഷാധികാരി മനോഭാവം തീര്‍ത്തും ഇല്ലാതാക്കുവാന്‍ ശ്രമിയ്ക്കുന്നത്. ഗുണകരമായിരിയ്ക്കും. ഡോ. മാര്‍ട്ടിന്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബകൂട്ടായ്മ നിലനിര്‍ത്തുന്നതിന് വേണ്ടി പല പ്രായോഗിക കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.

എനിയ്ക്ക് ചിന്തിയ്ക്കുവാന്‍ ധാരാളം കാര്യങ്ങള്‍ അങ്ങ് നല്‍കിയിരിക്കുന്നു, എന്ന് പറഞ്ഞുകൊണ്ട് ജോണിക്കുട്ടി ഡോ. മാര്‍ട്ടിനോട് യാത്ര പറഞ്ഞു.

ഈ സംവാദത്തിനുശേഷം പല ആഴ്ചകളില്‍ ‘ കുടുംബക്കൂട്ടായ്മ, കെട്ടിടം, രക്ഷാധികാരി മനോഭാവം ‘ എന്നീ വാക്കുകള്‍ ജോണിക്കുട്ടിയുടെ മനസില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. പല ദിവസങ്ങളിലും ഈ ചിന്തകള്‍ അദ്ദേഹത്തിന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയിരുന്നു.

 

 

നാട്ടില്‍ നിന്നും ജോണിക്കുട്ടി തിരിച്ചു പോന്നിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ ലില്ലയ്ക്ക് ഒരെഴുത്ത് കിട്ടി. പോസ്റ്റ്മാന്‍ തന്റെ അഡ്രസ്സുതന്നെ മറന്നിരിക്കുമെന്ന് ലില്ലി പലപ്പോഴും ചിന്തിച്ചിരുന്നു. എഴുത്തു തുറന്നപ്പോള്‍ അത് ജോണിക്കുട്ടിയുടേതായിരുന്നു.

 

പ്രിയ അമ്മച്ചി,

പുതിയതായി പണിയുന്ന കെട്ടിടത്തിന്റെയും പുരയിടത്തിന്റെയും ഉടമസ്ഥാവകാശം ഞാന്‍ എന്റെയും സഹോദരന്‍മാരുടേയും കൂടി പേരിലാക്കുവാന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ വീടും അതിരിക്കുന്ന പുരയിടവും എന്റെ പേരില്‍ അധിക ചുമതലയൊന്നും കൂടാതെ എഴുതിവച്ചപ്പോള്‍ അതൊരു ക്രമീകരണം മാത്രമാണ് എന്ന വാദം അംഗീകരിക്കുവാനും ഇതേവരെ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നത് കുടുംബകൂട്ടായ്മ നിലനിര്‍ത്തുവാനുള്ള എന്റെ സഹോദരന്മാരുടെ ആഗ്രഹം കൊണ്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ മേല്‍പറഞ്ഞ തീരുമാനം അവര്‍ എന്നോട് കാണിച്ച സ്‌നേഹത്തിന് എന്‍റെ പക്ഷത് നിന്നുള്ള ഒരു പ്രത്യുപകാരമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

ദയവായി അമ്മച്ചി ഇതിനുവേണ്ട എല്ലാ തയ്യാറെടുപ്പുകളും ചെയ്യണം.

എന്ന് സ്വന്തം മകന്‍ ജോണിക്കുട്ടി

 

എഴുത്ത് വായിച്ച് കഴിഞ്ഞപ്പോള്‍ ലില്ലിയ്ക്ക് തന്റെ ഹൃദയത്തില്‍ നിന്നും എന്തോ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ അനുഭവപ്പെട്ടു. ഇതേ ആശയം താനും ജോണിക്കുട്ടിയോട് ഒരിക്കല്‍ സൂചിപ്പിച്ചതാണ്. എന്നാല്‍ അന്ന് അവന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. ഇപ്പോഴിതാ ജോണിക്കുട്ടി തന്നെ ആ ആശയം മുന്നോട്ടുവച്ചിരിക്കുന്നു.

തന്റെ പേരില്‍ വീടും പുരയിടവും യാതൊരു അധിക ബാധ്യതയുമില്ലാതെ എഴുതി വെച്ച അന്നുമുതല്‍ ഇതൊരു വെറും ക്രമീകരണം മാത്രമാണ്. ആര് അവകാശപ്പെട്ടാലും അത് വിട്ടു തരുവാന്‍ താന്‍ തയ്യാറാണ്. എന്ന് ജോണിക്കുട്ടി ആവര്‍ത്തിച്ച് പറയുമായിരുന്നു. ഇന്ന് സ്ഥലത്തിന്റെ മൂല്യം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിയ്ക്കുന്നതിനാല്‍ മറ്റു സഹോദരങ്ങള്‍ ഏത് സമയത്തും ജോണിക്കുട്ടിയോട് തന്റെ വാഗ്ദാനം നിറവേറ്റുവാന്‍ ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ലില്ലി മനസിലാക്കിയിരുന്നു. അങ്ങനെയുണ്ടായാല്‍ കുടുംബകൂട്ടായ്മ താറുമാറാകും എന്നും അവര്‍ ഭയപ്പെട്ടിരുന്നു.

പതിനഞ്ച് വര്‍ഷം മുമ്പ് വിധവയായ ലില്ലിക്ക് താന്‍ ഏകയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. കുടുംബവീട്ടില്‍ തന്നെ താമസിയ്ക്കുന്ന ലില്ലിയെ മിക്ക മക്കളും എല്ലാദിവസവും വിളിക്കാറുണ്ട്. എന്നാല്‍ ജോണിക്കുട്ടി അവധികഴിഞ്ഞുപോയ ശേഷം പലപ്പോഴും താന്‍ ഏകയാണ് എന്ന് തോന്നിയിരുന്നു.

എഴുത്ത് കിട്ടിയ അന്ന് കിടയ്ക്കുന്നതിന് മുമ്പ് ലില്ലി ഒരിക്കല്‍ കൂടി എഴുത്ത് വായിച്ചു. എന്റെ മക്കളാരും തട്ടിപ്പുകാരല്ല അവര്‍ സ്വയം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.