സ്വന്തം ലേഖകൻ: സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമാകുമെന്ന് ട്രാവൽ എക്സിക്യൂട്ടീവുകൾ പരാതിപ്പെട്ടു. ഇത്തരം കേസുകൾ വർധിച്ചതാണ് ദുബായ് എയർപോർട്ടുകളിൽ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അധികാരികളെ നിർബന്ധിതരാക്കിയ കാരണങ്ങളിലൊന്ന്. ഒരു സന്ദർശകനെതിരെ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ അത് അവർക്ക് സാമ്പത്തിക പ്രശ്നമുണ്ടാക്കുന്നു എന്ന് മാത്രമല്ല, ട്രാവൽസിന്റെ പ്രവർത്തനം മരവിപ്പിക്കുന്നതടക്കമുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിയും വരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെയും കേരളത്തിലെയും വിമാനത്താവളങ്ങളിൽ യുഎഇ സന്ദർശക വീസക്കാരുടെ മേലുള്ള നിബന്ധനകൾ കര്‍ശനമാക്കിയിരുന്നു. കുറഞ്ഞത് 3000 ദിർഹമോ തത്തുല്യമായ സംഖ്യയുടെ കറൻസിയോ, ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ, യുഎഇയിലെ താമസസൗകര്യത്തെക്കുറിച്ചുള്ള വിവരം, ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ കൂടെയാണ് താമസിക്കാനുദ്ദേശിക്കുന്നതെങ്കിലും അവരുടെ മേൽവിലാസം, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, സാധുവായ മടക്കടിക്കറ്റ് തുടങ്ങിയവയൊക്കെ കർശനമായി പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതിലേതെങ്കിലുമൊന്ന് ഇല്ലാത്തവരെ മടക്കിയയക്കുകയും ചെയ്തിരുന്നു.
വീസ ഗ്രേസ് പീരിയഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദർശന വീസക്കാർ കൂടുതൽ സമയം താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീസാ കാലഹരണ തീയതിക്ക് ശേഷം തുടരാൻ 10 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഈ ഗ്രേസ് പീരിയഡ് കഴിഞ്ഞ വർഷം നീക്കം ചെയ്‌തിരുന്നു. ഇത് മനഃപൂർവമല്ലാത്ത കാലതാമസത്തിലേക്ക് നയിച്ചു. ഗ്രേസ് പീരിയഡ് ഇല്ലെന്ന് സന്ദർശക വീസക്കാരെ കൃത്യമായി അറിയിക്കാറുണ്ടെങ്കിലും പ്രശ്നങ്ങൾ തുടരുകയാണെന്നും പരാതിപ്പെടുന്നു. ജോലി അന്വേഷിച്ചെത്തുന്നവരിൽ ഭൂരിഭാഗവും നാട്ടിൽ നിന്ന് കടം വാങ്ങിയും സ്വർണം പണയം വച്ചുമായിരിക്കും വന്നിരിക്കുക. എന്നാൽ, ഇവർക്ക് ഇവിടെ ജോലി ലഭിക്കാതെ വരുമ്പോൾ തിരിച്ചുപോകാൻ വൈമനസ്യമുണ്ടാകുന്നു.
കോവിഡിന് ശേഷമാണ് സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. എന്നാൽ ഇതിന് ആനുപാതികമായി തസ്തികകൾ നിർമിക്കപ്പെട്ടതുമില്ല. അതോടെ വളരെ പ്രവൃത്തിപരിചയമുള്ള പ്രഫഷണലുകൾക്കൊഴികെ ജോലി ലഭിക്കുക പ്രയാസകരമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല