1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വീസയിൽ യാത്ര ചെയ്യുന്നവർക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകൾ. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജൻ്റുമാർക്കാണ് എയർലൈനുകൾ മാർഗനിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് എയ‍ർലൈനുകൾ ട്രാവൽ ഏജൻസികളെ അറിയിച്ചു.

സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു. ആവശ്യമായ രേഖകളുടെ അഭാവം കണ്ടെത്തിയാൽ യാത്ര ബോർഡ് നിരസിക്കുന്നതിനെക്കുറിച്ചും നാടുകടത്താനുള്ള സാധ്യതയെക്കുറിച്ചും എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജൻസികൾക്ക് മാർ​ഗനിർദേശങ്ങൾ ലഭിച്ചു.

യാത്രക്കാർ അവരുടെ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. വിസിറ്റിങ് വീസയിൽ പോകുന്ന യാത്രക്കാർ മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഹോട്ടൽ റിസർവേഷൻ ചെയ്തതിൻ്റെ തെളിവ്, ഒരു മാസത്തെ വിസയ്‌ക്കായി 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം എന്നിവ കൊണ്ടുപോകണം അല്ലെങ്കിൽ അവരുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. യുഎഇയിൽ താമസിക്കുന്ന ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

സ്‌പൈസ്‌ജെറ്റ് ഏജൻ്റുമാരുമായുള്ള സർക്കുലർ അനുസരിച്ച് എല്ലാ രേഖകളും കൈവശം വയ്ക്കാൻ എയർലൈൻ യാത്രക്കാരോട് മുന്നറിയിപ്പ് നൽകുന്നു. മാർ​ഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ നാടുകടത്തലിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളത്തിൽ തങ്ങളുടെ ഫ്ലൈറ്റുകളിൽ ബോർഡിംഗ് നിഷേധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിംഗ് ഏജൻസിയിൽ നിന്ന് ഡെബിറ്റ് ചെയ്യുമെന്നുമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.