ബുധനാഴ്ച ബ്രിട്ടണിലെ പത്തില്‍ ഒന്‍പത് സ്കൂളും തുറക്കാന്‍ സാധ്യതയില്ല.ബ്രിട്ടണിലെ അദ്ധ്യാപകര്‍ ശമ്പളവര്‍ദ്ധനവ്, ജോലിഭാരം കുറയ്ക്കല്‍, പെന്‍ഷന്‍ പ്രായം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബുധനാഴ്ച സൂചനാ സമരം ചെയ്യാനൊരുങ്ങുകയാണ്. ശമ്പള വര്‍ദ്ധനവ് എന്നിതിലുപരി ശമ്പളം കുറയ്ക്കുന്ന തീരുമാനം മാറ്റണം എന്ന ആവശ്യവും ഉയര്‍ത്തിയാണ് അദ്ധ്യാപകര്‍ സമരം ചെയ്യുന്നത്. സാമ്പത്തികമാന്ദ്യം മൂലം വലയുന്ന ബ്രിട്ടന് ഇനിയൊരു തൊഴില്‍ സമരത്തെ നേരിടാനുള്ള കരുത്തില്ല എന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബുധനാഴ്ച നടത്തുന്ന തൊഴില്‍ സമരം ബ്രിട്ടന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തൊഴില്‍ സമരം ആയിരിക്കുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ വ്യക്തമാക്കുന്നത്. എന്‍എച്ച്എസിന്റെ ആയിരക്കണക്കിന് ഓപ്പറേഷനുകള്‍ വേണ്ടെന്നുവയ്ക്കുക, ബ്രിട്ടന്റെ തുറമുഖവും വിമാനത്താവളവും അടച്ചിടുക തുടങ്ങിയ കാര്യങ്ങളും സമരത്തിന്‍റെ ഫലമായി സംഭവിക്കും.ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തികനിലയെ അങ്ങേയറ്റം പരിതാപകരമാക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കാബിനറ്റ് ഒഫീസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് മോഡെ, സീനിയര്‍ ഒഫിഷ്യല്‍സ് എന്നിവര്‍ ചേര്‍ന്നു പ്രതിസന്ധി പരിഹരിക്കനായി ഡൗണിങ് സ്ട്രീറ്റില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ കൊണ്ടൊന്നും കാര്യമില്ലെന്നും പ്രശ്നപരിഹാരമാണ് ഉണ്ടാകേണ്ടതെന്നുമാണ് നേതാക്കന്മാര്‍ വ്യക്കമാക്കുന്നത്. സമരത്തില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹാരിക്കാമെന്നും കാണിച്ച് തൊഴില്‍ സമരത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് മന്ത്രിമാര്‍ നേരിട്ട് കത്തുകള്‍ അയക്കുകയാണ്. എന്നാല്‍ കത്തുകള്‍ അയക്കുന്നത് സമരത്തെ പൊളിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് നേതാക്കന്മാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
സുഖമായ റിട്ടയര്‍മെന്റ് ബെനിഫിറ്റിനു വേണ്ടിയാണ് പെന്‍ഷന്‍ പ്ലാനിലെ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് മന്ത്രിസഭ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ നയം ജനവിരുദ്ധമാണെന്നാണ് തൊഴിലാളി നേതാക്കന്മാര്‍ ആരോപിക്കുന്നത്. പത്തില്‍ ഒന്‍പത് സ്കൂളുകള്‍ അടച്ചിടും, അയ്യായിരത്തിഅഞ്ഞൂറ് എന്‍എച്ച്‌എസ് ഓപ്പറേഷനുകളും 12000 ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും മാറ്റിവയ്ക്കപ്പെടും. മാലിന്യനീക്കം താറുമാറാകും. അങ്ങനെ ഓരോ വീടും തൊഴില്‍ സമരത്തിന്റെ ഫലങ്ങള്‍ അനുഭവിക്കും. അതോടെ സര്‍ക്കാര്‍ വരുതിക്ക് വരുമെന്നാണ് തൊഴിലാളി സംഘടനകള്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല