ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ രാപകല്‍ പണിയെടുക്കുന്ന ഹതഭാഗ്യരായ മലയാളി വിദ്യാര്‍ത്ഥികളാണ്.
യു.കെയുടെ വിവിധ ഭാഗങ്ങളില്‍ കോര്‍ണര്‍ ഷോപ്പുകളും ഓഫ് ലൈസന്‍സ് കടകളും നടത്തുന്ന മലയാളികള്‍ നിരവധിയാണ്. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യവും, ബാങ്കുകള്‍ നിര്‍ലോഭം ലോണുകള്‍ കൊടുക്കാതായതും, അധിക സമയം ജോലിചെയ്യാനുള്ള വെള്ളക്കാരുടെ മടിയുമെല്ലാം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍വംശജര്‍ക്ക് ഈ മേഖലയില്‍ പണം മുടക്കാന്‍ അനുകൂല ഘടകങ്ങളായി. ചിലര്‍ക്കെങ്കിലും ചെറുകിട വില്‍പ്പന രംഗത്തെ നിക്ഷേപം നാട്ടില്‍നിന്നുള്ള ബ്ലാക്ക് മണി വെളുപ്പിക്കാനുള്ള ഒരു മാര്‍ഗവുമായിരുന്നു .
ഇതോടൊപ്പം നികുതി വെട്ടിക്കാനുള്ള സെല്‍ഫ് എംപ്ലോയ്‌മെന്റ് നിയമത്തിന്റെ പഴുതുകളും, തുച്ഛമായ വേതനത്തിന് ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ ജോലിക്കു കിട്ടുമെന്നുള്ളതും ഇക്കൂട്ടര്‍ക്ക് തുണയായി.
ബ്രിട്ടനിലെ തൊഴിലില്ലായ്മ രൂക്ഷമാവുകയും സ്റ്റുഡന്റ് വിസാനിയമങ്ങള്‍ കര്‍ശനമാവുകയും ചെയ്തതോടെ നിയമാനുസൃതം പത്തോ ഇരുപതോ മണിക്കൂര്‍ ജോലിചെയ്താല്‍ ഇവിടുത്തെ താമസത്തിനും ഭക്ഷണത്തിനുമുള്ള തുകപോലും പലര്‍ക്കും ലഭിക്കാറില്ല. അങ്ങനെയുള്ളവര്‍ ശമ്പളം കുറഞ്ഞാലും കൂടുതല്‍ മണിക്കൂറുകള്‍ ലഭിക്കുന്ന ജോലി നോക്കുക സ്വഭാവികം. ഇനി വിസാകാലാവധി കഴിഞ്ഞിട്ടും നാട്ടിലെ കടം വീട്ടാനവാതെ ഇവിടെ കഴിയുന്നവരുണ്ട്.
ചെറുകിട മുതലാളിമാര്‍ ചതിക്കുഴിയൊരുക്കി കാത്തിരിക്കുന്നതും ഇത്തരക്കാരെ പ്രതീക്ഷിച്ചാണ്. ബ്രിട്ടനിലെ ദേശീയ മിനിമം വേതനം മണിക്കൂറിനു ആറു പൗണ്ടില്‍ കൂടുതലാണെന്നിരിക്കെ മൂന്നു പൗണ്ടിനുവരെ 12ഉം 14ഉം മണിക്കൂറുകള്‍ ജോലിചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ചില കടയുടമകള്‍ താമസമൊരുക്കുന്നതാവട്ടെ ഹീറ്റിംഗ് പോലുമില്ലാത്ത കടയ്ക്കുമുകളിലെ കുടുസ്സുമുറികളിലും.
ഇതിനിടയില്‍ കടയുടെ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കാം, ബിസിനസ് വിസ ശരിയാക്കാം എന്നൊക്കെ പറഞ്ഞു മോഹിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍നിന്നും പണം വരുത്തിക്കുന്നവരുണ്ട്.
രേഖകള്‍ ഒന്നും ഇല്ലാതെ കാശുവാങ്ങിക്കഴിയുമ്പോള്‍ ഇവരുടെ വിധം മാറും. പണം തിരികെ ചോദിച്ചാല്‍ ബോര്‍ഡര്‍ ഏജന്‍സിയെക്കൊണ്ട് പിടിപ്പിക്കും, നാട്ടിലെ കുടുംബത്തെ പീഡിപ്പിക്കും, ക്വട്ടേഷന്‍ കൊടുക്കും എന്നൊക്കെ ഭീഷിണി മുഴക്കും. കൊടുത്ത കാശെങ്കിലും തിരികെ വാങ്ങണമല്ലോയെന്നു കരുതി നിവര്‍ത്തിയുള്ളിടത്തോളം ആരുംതന്നെ മുതലാളിമാരെ പിണക്കാറില്ല. സ്റ്റുഡന്റ് വിസക്കാരുടെ കണ്ണീര്‍ മുതലാളിവര്‍ഗ്ഗത്തിന്റെ ഹൃദയകാഠിന്യം വര്‍ധിപ്പിക്കാനെ ഉപകരിക്കൂ. കടയില്‍ ജോലിചെയ്യുന്നവരില്‍ മോഷണം ആരോപിച്ചു തുച്ഛമായ ശമ്പളംപോലും പിടിച്ചുവയ്ക്കുന്ന ദുഷ്ടരും നമ്മുടെയിടയിലുണ്ട്.
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ മലയാളിക്കടയില്‍ വര്‍ഷങ്ങളായി ജോലിചെയ്ത യുവാവ് വിസകാലാവധി കഴിഞ്ഞു നാട്ടിലേക്കു പോകാന്‍നേരം ശമ്പളകുടിശിക തീര്‍ത്ത് കൊടുക്കാന്‍ ഉടമസ്ഥന് പണമില്ല. ഇന്നുതരാം നാളെ തരാം എന്നു പറഞ്ഞു പറഞ്ഞു പോവുന്നതിന്റെ തലേദിവസം ആയപ്പോള്‍ കടയുടമ കൈമലര്‍ത്തി. മാനസികമായി തകര്‍ന്ന യുവാവ് പോലീസിനെ വിളിച്ചപ്പോള്‍ വാദി പ്രതിയായി. അവസാനം പണം ലഭിക്കാനുണ്ടെന്നു തെളിയിക്കാനാവാതെ മുതലാളിയെ ശപിച്ചവന്‍ നാട്ടിലേക്കു വണ്ടികയറി.
ഇതുപോലുള്ള കൈപ്പേറിയ അനുഭവങ്ങള്‍ രുചിച്ചുകഴിയുന്ന നിരവധി സ്റ്റുഡന്റ് വിസക്കാര്‍ നമ്മുടെ ഇടയിലുണ്ട്.വിസാ തട്ടിപ്പുകരുടെയും, ട്രാവല്‍ ഏജന്റുമാരുടെയും വാഗ്ദാനങ്ങളില്‍ മയങ്ങി യു,കെയെന്ന സ്വപ്നഭൂമിയിലേക്ക് ലക്ഷങ്ങള്‍ മുടക്കി ഈയാംപാറ്റകളെപ്പോലെ പാഞ്ഞടുക്കുന്ന നൂറുകണക്കിനു യുവതീയുവാക്കളുടെ യാതനകളുടെ കഥകള്‍ പുറംലോകം അധികം അറിയുന്നില്ല. അറിഞ്ഞാല്‍ത്തന്നെ രക്തദാഹികളായ മുതലാളിവര്‍ഗ്ഗത്തിന്റെ പക്ഷം ചേരാന്‍ ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വവും, നിയമപാലകരും, മാധ്യമങ്ങളും മത്സരിക്കും. പുതിയൊരു സെന്‍സേഷണല്‍ വാര്‍ത്ത കിട്ടുമ്പോള്‍ പത്രങ്ങള്‍ തട്ടിപ്പുകഥകള്‍ മറക്കും. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് ഇവിടെ യാഥാര്‍ത്ഥ്യമാവുന്നു. എന്നാല്‍ ആയിരം സൂര്യനേക്കാള്‍ ശോഭയേറിയ കണ്ണുകളുള്ള പ്രപഞ്ചനിയന്താതാവിന്റെ മുന്‍പില്‍നിന്നും മറഞ്ഞിരിക്കാന്‍ ഒരു തട്ടിപ്പുകാരനും കഴിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല