2800 വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും 2012 മുതല്‍ യുകെയിലെ വിദ്യാര്‍ഥികളുടെ ശരാശരി വാര്‍ഷിക കടം 53,000 പൗണ്ടായി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. 2011 നെക്കാള്‍ ഇരട്ടിയാണിത്. പുഷ് യൂനിവേഴ്സിറ്റി ഗൈഡ് പ്രകാരം വാര്‍ഷിക കടത്തില്‍ 6.4 ശതമാനം വര്‍ധന രേഖപ്പെടുത്തും. രാജ്യത്തെ നാണയപ്പെരുപ്പത്തെക്കാള് ഉയര്‍ന്ന നിരക്കാണിത്. ഇവരുടെ കോഴ്സിന്റെ ശരാശരി കാലാവധി 3.4 വര്‍ഷമാണ്. 2012 മുതലാണു ഇംഗ്ലണ്ടില്‍ ട്യൂഷന് ഫീസ് വര്‍ധിപ്പിക്കുന്നത്. എ-ലേവല്‍ പരീക്ഷയുടെ ഫലം വരാന്‍ ഒരാഴ്ച കൂടി ശേഷിക്കേയാണു സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്.
മെഡിസിന്, ബിരുദാനന്തരബിരുദം എന്നിവയ്ക്കാണു കൂടുതല്‍ പണം ചെലവാകുന്നത്. ഫീസ് വര്‍ധനയോടെ വിദ്യാര്‍ഥികള്‍ കൂടുതല്‍ പണം വായ്പ ആയി എടുക്കേണ്ട അവസ്ഥ വരും. യുകെയിലെ യൂനിവേഴ്സിറ്റിയില്‍ നിന്നു പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ഥിയുടെ ശരാശരി കടം ഇപ്പോള്‍ 26,100 പൗണ്ടാണ്. 2012 ല്‍ ഇതു 53,400 പൗണ്ട് ആകും. ഇംഗ്ലണ്ടിലെ വിദ്യാര്‍ഥികള്‍ക്കാവും കടബാധ്യത കൂടുക. ഇവര്‍ക്കു ശരാശരി 59,100 പൗണ്ട് നല്‍കേണ്ടി വരും. സ്കോട്ട്ലന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കു ട്യൂഷന് ഫീസ് അടയ്ക്കേണ്ടതില്ല. വെയ്ല്സിലാകട്ടേ വര്‍ധിപ്പിച്ച ട്യൂഷന് ഫീസിനു സര്‍ക്കാര്‍ സബ്സീഡി നല്‍കും. ഇംഗ്ലണ്ടിലെ ശരാശരി വാര്‍ഷിക ട്യൂഷന് ഫീസ് 8610 പൗണ്ടാകും. കടബാധ്യത കുറയ്ക്കാന്‍ കുട്ടികള്‍ പാര്‍ട്ട് ടൈം, താത്കാലിക ജോലികള്‍ തേടേണ്ട അവസ്ഥയാണ് ഉള്ളത്. ചെലവ്, യാത്രാക്കൂലി, ഇന്ധന ചാര്‍ജ് എന്നിവ വര്‍ധിക്കുന്നതും കടബാധ്യത കൂടാന്‍ മറ്റൊരു കാരണമായി. കടബാധ്യത കുറയ്ക്കാന്‍ കുട്ടികള്‍ ചെലവുചുരുക്കലിലേക്കു നീങ്ങേണ്ടി വരും.
21,000 പൗണ്ട് സമ്പാദിക്കാന്‍ തുടങ്ങിയ ശേഷമേ ബിരുദ വിദ്യാര്‍ഥികള്‍ക്കു ലോണ്‍ അടച്ചു തുടങ്ങേണ്ടതുള്ളൂ. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന യൂനിവേഴ്സിറ്റിയുടെയും കോഴ്സിന്റെയും അടിസ്ഥാനത്തിലാകും കടബാധ്യതയുടെ അളവ്. ഭൂരിഭാഗം കുട്ടികള്‍ക്കും വാര്‍ഷിക ട്യൂഷന് ഫീസ് 9000 പൗണ്ട് അടയ്ക്കാന്‍ സാധിക്കുമെന്നു കരുതുന്നില്ലെന്ന് സര്‍വെകള്‍ പറയുന്നു. കടബാധ്യത കൂടുന്നതു മൂലം മികച്ച ജോലി സമ്പാദിക്കാന്‍ ഇവര്‍ ശ്രമിക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ബിരുദമെടുക്കുന്ന വിദ്യാര്‍ഥികള്‍ കുറഞ്ഞ വേതനത്തിലാണു ജോലി ചെയ്യുന്നത്. ഈ പ്രവണത ഇല്ലാതാക്കാന്‍ ഇതു വഴി സാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ കടബാധ്യത അപകടകരമായ അവസ്ഥയില്‍ എത്തുമെന്നു യൂനിവേഴ്സിറ്റി ആന്‍ഡ് കോളെജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹന്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല