സ്വന്തം ലേഖകന്‍: അധ്യാപിക പറഞ്ഞത് കുടുംബത്തെക്കുറിച്ച് എഴുതാന്‍, കുട്ടി എഴുതിയത് വീട്ടിലെ നരകത്തെക്കുറിച്ച്. കൊല്‍ക്കത്തയിലാണ് ഒരു അഞ്ചാം ക്ലാസുകാരി ക്ലാസിലെ പരിശീലനത്തിനിടയില്‍ വീട്ടില്‍ തനിക്കും മാതാവിനും പിതാവില്‍നിന്നും ഏല്‍ക്കേണ്ടിവരുന്ന ക്രൂര മര്‍ദനങ്ങളുടെ വിവരണം എഴുതി നല്‍ക്കിയത്.
കുട്ടിയുടെ ലേഖനം വായിച്ച് സ്‌കൂളിലെ അധ്യാപകര്‍ ഞെട്ടി. വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ലേഖനത്തില്‍ പെണ്‍കുട്ടി എഴുതിയത് ഇങ്ങനെ: ‘എന്റെ അച്ഛന്‍ ഒരു ചീത്ത മനുഷ്യനാണ്. അമ്മയെ അയാള്‍ എപ്പോഴും തല്ലും. ഞാനും അമ്മയും എല്ലാ രാത്രിയിലും കരയും. ആരും ഞങ്ങളെ ഗൗനിക്കാറില്ല. ഞങ്ങളുടെ അമ്മാവന്‍ പോലും ഞങ്ങള്‍ക്കെതിരെ ചെവി തിരിക്കുകയാണ്. അച്ഛന്‍ എന്നെയും തല്ലും, ഇതാണ് എന്റെ കുടുംബം.’
കൊല്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന സാള്‍ട്ട് ലെയ്ക്ക് എന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടേതാണ് ഈ വാക്കുകള്‍. തങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ മാത്രപല്ല പിതാവിനോടുള്ള ശക്തമായ പ്രതിഷേധവും പെണ്‍കുട്ടി ലേഖനത്തിന്റെ അവസാനഭാഗത്തില്‍ പങ്കുവയ്ക്കുന്നു. ‘ഞാന്‍ വലുതാകുമ്പോള്‍ എന്റെ അമ്മയെ അച്ഛനില്‍നിന്നും അകലേയ്ക്ക് കൊണ്ടുപോകും’ എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.
ലേഖനം കണ്ട് ഞെട്ടിയ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും ഒന്നുകില്‍ പിരിഞ്ഞ് താമസിക്കുകയോ, അല്ലെങ്കില്‍ പിതാവ് സ്വഭാവം മാറ്റുകയോ ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല