സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്കുള്ള വീസാ ഇളവുകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയ സംഭവം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുകെ. വീസാ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നു ബ്രിട്ടണ്‍. ബ്രിട്ടന്റെ പുതുക്കിയ കുടിയേറ്റ നയത്തിനെതിരേ ഇന്ത്യയില്‍നിന്നു പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം.
പുതിയ നയംകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും യഥാര്‍ഥ അപേക്ഷകര്‍ക്ക് യുകെയില്‍ പഠിക്കാന്‍ അവസരമുണ്ടെന്നും ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.
കുടിയേറ്റ നയത്തിലെ അപ്പന്‍ഡിക്‌സ് എച്ച് ഹോം ഓഫീസ് വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതു സാധാരണ സംഭവമാണെന്നു പറഞ്ഞ വക്താവ്, ഇന്ത്യ ഇപ്പോഴും പട്ടികയില്‍ ഉള്‍പ്പെടുത്താനാവാത്ത വിധത്തില്‍ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ അവസാനിച്ച അധ്യയന വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള 4 യടര്‍ വീസയില്‍ 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനുള്ള ടയര്‍ 4 വിസ വിഭാഗത്തില്‍ ചൈന ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹറിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇടംപിടിച്ചു. തായ്‌ലന്റ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല