സ്വന്തം ലേഖകൻ: യുകെയില്‍ വിദ്യാർഥി വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും തുടരുന്ന മലയാളി വിദ്യാർഥികളടക്കമുള്ളവർ ഏകദേശം 83,600 ൽപ്പരം വരുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ അനധികൃതമായി തുടരുന്നവരുടെ ജീവിതം നരക തുല്യമാണെന്നും സൂചനകൾ ഉണ്ട്. ഇവർ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യങ്ങള്‍ തുടങ്ങിയവക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
വിദ്യാര്‍ഥി വീസയില്‍ യുകെയിലേക്ക് കുടിയേറിയ ഇവരില്‍ നിരവധി പേര്‍ യൂണിവേഴ്‌സിറ്റി ഫീസ് അടച്ച ശേഷം ജോലി തേടാന്‍ തുടങ്ങുകയാണ് പൊതുവെ കണ്ടു വരുന്ന പ്രവണത. യുകെയില്‍ തുടരുന്നതിന് നിയമാനുസൃത രേഖകളൊന്നുമില്ലാത്ത ഇവര്‍ തികച്ചും പരിതാപകരമായ രീതിയിലാണ് കിട്ടിയ തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.
വീട്ടുജോലി മുതല്‍ റസ്‌റ്ററന്റുകളില്‍ പാത്രം കഴുകുന്നവര്‍ വരെ ഇത്തരം വിദ്യാർഥികളിലുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. വിദ്യാർഥി വീസ കാലാവധി കഴിഞ്ഞാല്‍ യുകെ വീസ സംഘടിപ്പിച്ച് കൊടുക്കാമെന്ന ഇടനിലക്കാരുടെ വ്യാജ വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇവർ വൻ തുക ആണ് ഇടനിലക്കാർക്ക് നൽകിയിട്ടുള്ളത്. കാലാവധി കഴിഞ്ഞു നിൽക്കുന്നതിനാൽ ഇത്തരക്കാര്‍ക്ക് അധ്വാനത്തിന് അര്‍ഹമായ വേതനം നല്‍കാതെ തൊഴിലുടമകള്‍ കടുത്ത ചൂഷണം നടത്തുന്നതും പതിവാണ്.
കൂടാതെ ഇടനിലക്കാർക്ക് വന്‍ തുക നല്‍കി അപടകരമായ രീതിയില്‍ ബോട്ടുകളിലും ചെറു വള്ളങ്ങളിലും നിരവധി പേർ എത്തുന്നുണ്ട്. ഇംഗ്ലിഷ് ചാനലിലൂടെ യുകെയിലേക്ക് അനധികൃതമായി ഇത്തരത്തിൽ എത്തുന്ന കുടിയേറ്റക്കാരും വന്‍ ദുരിതം നേരിടുന്നുണ്ട്. ഇത്തരം പശ്ചാതലത്തിൽ രാജ്യത്തെ അനധികൃത കുടിയേറ്റം നിയന്ത്രണമില്ലാതെ പെരുകുന്നുവെന്നുമാണ് ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ പറയുന്നത്.
വിദ്യാർഥി വീസയിലും സന്ദർശക വീസയിലും യുകെയിലെത്തിയവര്‍ കാലാവധി തീര്‍ന്നിട്ടും മടങ്ങിപ്പോകാത്ത അവസ്ഥ വര്‍ധിച്ച് വരുന്നതായി ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ പറഞ്ഞു. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം മൊത്തത്തില്‍ അലങ്കോലമായിരിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
അതിനിടയിൽ യുകെയിലെ വിവിധയിടങ്ങളിൽ മലയാളികളായ ചെറുപ്പക്കാർ തെരുവുകളിൽ നിലത്ത് കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു നിത്യ കാഴ്ചയായി മാറിയിട്ടുണ്ട്. അടുത്ത കാലത്താണ് ഇത്തരം കാഴ്ചകൾ വർധിച്ചു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ചൈന ടൗണിൽ സന്ദർശനത്തിന് എത്തിയ മലയാളി കുടുംബം ഇത്തരം ഒരു കാഴ്ച കണ്ടത് വളരെ വേദനയോടെയാണ് സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചത്.
യുകെയിൽ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. കാരണം: ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ £10,000 ബ്രിട്ടീഷ് പൗണ്ടോ അതിൽ കൂടുതലോ ചെലവഴിച്ചിട്ടും, യുകെയിൽ ഒരു മുഴുവൻ സമയ ജോലി നേടാൻ അവർ പാടുപെടുകയാണ്.
ഓഫീസ് ഫോർ സ്റ്റുഡന്റ്‌സ് (ഒ എഫ്‌എസ്) ശേഖരിച്ച ഡാറ്റ പ്രകാരം, 10 ബിരുദധാരികളിൽ മൂന്ന് പേർക്കും ഉയർന്ന വൈദഗ്ധ്യമുള്ള ജോലി നേടാൻ കഴിയില്ല. വിദ്യാർത്ഥികളെ ജീവനക്കാരാക്കി മാറ്റുന്നതിൽ പരാജയപ്പെടുന്ന കോഴ്‌സുകൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കണമെന്ന് ഉറപ്പാക്കാൻ യുകെ സർക്കാർ ഒ എഫ് എസ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
“യുകെ ലോകത്തിലെ ഏറ്റവും മികച്ച ചില സർവ്വകലാശാലകളുടെ ആസ്ഥാനമാണ്, ബിരുദ പഠനം എന്നത് വളരെയധികം പ്രയോജനപ്പെടുന്നതാണ്. എന്നാൽ നിരവധി ചെറുപ്പക്കാർ ദിവാസ്വപ്നത്തിൽ വീഴുകയും നികുതിദായകരുടെ ചെലവിൽ ഗുണനിലവാരമില്ലാത്ത കോഴ്‌സ് ചെയ്യുകയും ചെയ്യുന്നു, അത് അവർക്ക് മാന്യമായ ജോലി ലഭിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നില്ല,” എന്നായിരുന്നു അടുത്തിടെ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇതേ കുറിച്ച് പറഞ്ഞത്.
നിർദ്ദിഷ്ട പ്രവേശന ആവശ്യകതകളുള്ള ഡിഗ്രികൾക്കുള്ള ഒരു ബ്രിഡ്ജ് കോഴ്‌സായി പ്രവർത്തിക്കുന്ന ഒരു അധിക പഠന വർഷമാണ് ഫൗണ്ടേഷൻ ഇയർ. ഒട്ടേറെ വിദ്യാർത്ഥികളോട് ഫൗണ്ടേഷൻ ഇയറിലേക്ക് എൻറോൾ ചെയ്യാൻ നിർദ്ദേശിക്കാറുണ്ട്. ഫൗണ്ടേഷൻ ഇയർ കോഴ്‌സുകളുടെ പരമാവധി ഫീസ് 9,250 പൗണ്ടിൽ നിന്ന് 5,760 പൗണ്ടായി (ഏകദേശം 6 ലക്ഷം രൂപ) കുറയ്ക്കണമെന്നാണ് യുകെ സർക്കാർ നിർദേശിച്ചിരിക്കുന്നതെന്ന് സുനക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല